Actress attack case: കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്; ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയിരുന്നോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിട്ടുള്ള മൊഴി തുടങ്ങിയവയും ചോദ്യം ചെയ്യലില്‍ വിശദമായി പരിശോധിക്കും. ദിലീപിന്റെ ഫോണിലേക്ക് വിചാരണ കോടതി രേഖകള്‍ അയച്ചത് ആരെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച രേഖകളുടെ കൂട്ടത്തില്‍ സുപ്രധാന കോടതിരേഖകളുണ്ടെന്നാണ് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുള്ളത്. മറ്റൊരു വാട്‌സ് ആപ് നമ്പറില്‍ നിന്നാണ് ഈ രേഖകള്‍ അയച്ചിട്ടുള്ളത്. ദിലീപിന്റെ അഭിഭാഷകന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കിയതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കി. ഇത് ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകന്‍ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് ഈ ഘട്ടത്തില്‍ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപ്പി ചെയ്തു വെച്ചെന്നും ഹാക്കര്‍ മൊഴിനല്‍കിയിട്ടുണ്ട്. മൊഴി സത്യമെന്ന് തെളിഞ്ഞാല്‍, പകര്‍പ്പെടുക്കാന്‍ അനുവാദമില്ലാത്ത കോടതിരേഖകള്‍ എങ്ങനെ ദിലീപിന്റെ ഫോണില്‍ എത്തിയെന്നത് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വാട്‌സാപ് ചാറ്റുകളുള്‍പ്പെടെ പ്രധാന തെളിവുകള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സായ് ശങ്കറിന്റെ സഹായത്തോടെയാണ് ഇതെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഇയാളെ മുമ്പ് ചോദ്യം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News