26.6 C
Kottayam
Saturday, May 18, 2024

National strike: ജനജീവിതം സ്തംഭിപ്പിച്ച് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

Must read

തിരുവനന്തപുരം: ആദ്യ മണിക്കൂറുകളിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക് (Nationwide Strike). കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് അർധരാത്രി മുതല്‍ ആരംഭിച്ചു. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലേയും, മോട്ടോര്‍ വാഹന മേഖലയിലേയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കേരളത്തിലെ ജനജീവിതവും സ്തംഭിച്ചു. പാല്‍, പത്രം, ആശുപത്രി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മത്സ്യമേഖലയെ ഇന്നത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഡീസൽ വില വർധന ഉൾപ്പെടെ ഉള്ള ആവശ്യങ്ങൾ ഉയർത്തി കഴിഞ്ഞയാഴ്ച മൽസ്യ തൊഴിലാളികൾ രണ്ട് ദിവസം പണിമുടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൽസ്യ മേഖലയിൽ ഇന്നത്തെ പണിമുടക്ക് ശക്തമായി നടപ്പാക്കേണ്ടതില്ലെന്ന് തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചത്. 

പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കൊവിഡ് കാലത്തിനുശേഷം പ്രതിസന്ധികളെ അതിജീവിക്കുന്ന ടൂറിസം മേഖലയ്ക്ക് വലിയ ആശങ്കയുണ്ട്. സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. അതേസമയം, പണിമുടക്ക് ഇത്തവണയും മുംബൈ നഗരത്തെ കാര്യമായി ബാധിച്ചില്ല. മുംബൈയില്‍ പൊതുഗതാഗതവും ഓട്ടോ ടാക്സി സർവീസും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.

29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം.  തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ്  സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.  

അവശ്യപ്രതിരോധസേവനനിയമം പിൻവലിക്കുക, കൊവിഡ് കാലപ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ നൽകുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തും പണിമുടക്ക്  ജനജീവിത്തെ സാരമായി ബാധിച്ചേക്കും.  22 തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും പണിമുടക്കില്‍ സ്തംഭിച്ചു. പണിമുടക്കിന് മുന്നോടിയായി റേഷൻകടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു.

സംസ്ഥാനത്ത് ബസ് ഗതാഗതവും സ്തംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച  ബസ് സമരം പിൻവലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ അറിയിച്ചിരുന്നു. പല സ്വകാര്യബസ്സുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം   സർവീസ് നടത്തിയെങ്കിലും അർദ്ധരാത്രിയോടെ സർവീസ് അവസാനിപ്പിച്ചു. ഇതോടെ ബുധനാഴ്ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണനിലയിലാകൂ. സംസ്ഥാനത്തെ ഓട്ടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week