കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ദിലീപിന്റെ കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നതാണ് പ്രോസിക്യൂഷന്‍ ആവശ്യം. ഇക്കാര്യത്തില്‍ വാദങ്ങള്‍ പരിശോധിച്ച ശേഷം കോടതി തീരുമാനം കൈക്കൊള്ളും.
അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയില്‍വെച്ച് ഫോണ്‍ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികള്‍ കൈമാറിയ ഫോണിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തര്‍ക്കം തുടര്‍ന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.
ഇന്നലെ കോടതിയില്‍ നടന്നത്
ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. ആവശ്യം പരിഗണിച്ച ആലുവ മജിസ്‌ട്രേറ്റ്, ഫോണുകള്‍ തുറക്കുന്നതിന് അതിന്റെ പാറ്റേണ്‍ ഹാജരാക്കാന്‍ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടു. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അഭിഭാഷകര്‍ ആറു ഫോണുകളുടെയും പാറ്റേണ്‍ ഉച്ചയ്ക്കുശേഷം കൈമാറി. മുദ്രവെച്ച കവറിലുളള ഫോണുകള്‍ തുറന്ന് പ്രതിഭാഗം കൈമാറിയ അതിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ലാബിലേക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ഇതിന് അനുകൂലമായി മജിസ്‌ട്രേറ്റ് നിലപാട് എടുത്ത ഘട്ടത്തിലാണ് ദിലീപിന്റെ അഭിഭാഷകര്‍ തടസവാദം ഉന്നയിച്ചത്. കോടതിയില്‍വെച്ച് ഫോണ്‍ തുറക്കരുതെന്നും പ്രോസിക്യൂഷന്‍ കൃത്രിമം കാണിക്കുമെന്നും ഇവര്‍ ആവര്‍ത്തിച്ചു. തങ്ങള്‍ക്ക് പാറ്റേണ്‍ വേണ്ടെന്നും മജിസ്‌ട്രേറ്റ് പരിശോധിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. തുറന്നകോടതിയില്‍ ഫോണുകള്‍ പരിശോധിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മജിസ്‌ട്രേറ്റ് പ്രതിഭാഗത്തോട് ചോദിച്ചു. ഫോണ്‍ തുറക്കുന്നതിന് പ്രതികള്‍ കൈമാറിയ പാറ്റേണ്‍ ശരിയാണോയെന്ന് ഉറപ്പുവരുത്താതെ ലാബിലേക്കയച്ചാല്‍ പരിശോധനാഫലം വൈകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.
പാറ്റേണ്‍ തെറ്റാണെങ്കില്‍ കേസ് നടപടികള്‍ വീണ്ടും വൈകും. ഇത് മുന്നില്‍ക്കണ്ടാണ് പ്രതികളുടെ നീക്കമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തര്‍ക്കം തുടര്‍ന്നതോടെ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിക്കുന്നത് മജിസ്‌ട്രേറ്റ് കോടതി മാറ്റുകയായിരുന്നു. തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികളുടെ സാന്നിധ്യത്തില്‍ ഫോണ്‍ തുറക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.