‘ദിലീപിനെ പൂട്ടണം’, വാട്‌സാപ്പ് ഗ്രൂപ്പിൽ മഞ്ജുവിന്റേതടക്കമുള്ള വ്യാജ പ്രൊഫെെൽ; ഇരവാദം ലക്ഷ്യം വെച്ച് പ്രചാരണം, ദിലീപിൻ്റെ തന്ത്രങ്ങൾ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെതിരേ ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. നടിയെ ആക്രിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീർക്കാനും വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണസംഘം  അന്ന്  കണ്ടെത്തിയിരുന്നു. ഇതിനായി ‘ദിലീപിനെ പൂട്ടണം’ എന്ന് പേരിൽ തുടങ്ങിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിരൽചൂണ്ടിയത് ദിലീപിലേക്കും അടുപ്പക്കാരിലേക്കുമായിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമമായിരുന്നു ഇതെന്ന  നിഗമനത്തിലാണ് ക്രെെംബ്രാഞ്ച് എത്തിച്ചേർന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെയുള്ളവരുടെ പേരുകൾ ഉള്ളതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്. 2017-ൽ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് ക്രെെംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഗ്രൂപ്പിൽ ചേർത്തു. ഇതിനുപുറമെ, കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി സന്ധ്യയുടെ പേരും ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികൾ ദിലീപിനെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ് വിധി പറയുന്നത്. അതിജീവിതയും പ്രതികളിലൊരാളും സിനിമാ മേഖലയിൽ നിന്നാണ് എന്നതും കേസിൽ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. ആകെ പത്ത് പ്രതികളുളള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയാണ്.

2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. നടിയോടുള്ള വ്യക്തിവിരോധം തീർക്കാൻ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതാണ് ദിലീപിനെതിരെയുള്ള ആരോപണം. കേസിൽ തന്നെ കുടുക്കിയതാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്നുമാണ് ദിലീപിന്റെ വാദം.

കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്.

പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.

2018 മാർച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ആദ്യ പ്രതിപ്പട്ടികയിൽ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. ഇത് പൂർത്തിയാക്കാൻ 109 ദിവസമെടുത്തു. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News