കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. 12 ഫോണ്‍ നമ്പറുകളിലേക്കുള്ള വാട്‌സപ്പ് ചാറ്റ് വിവരങ്ങള്‍ പ്രതികള്‍ നശിപ്പിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നശിപ്പിച്ച വിവരങ്ങള്‍ തിരികെയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഫൊറന്‍സിക് ലാബിന്റെ സഹായം തേടി. ഫൊറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിച്ചേക്കും.
ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചു എന്ന് മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. 75000 രൂപ വീതം ഈടാക്കിയാണ് ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂര്‍ ആണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച ഫോണ്‍ രേഖകള്‍ ദിലീപിന്റെ അഭിഭാഷകന്‍ കണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്തു. ഫോറന്‍സിക് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും, ഇന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറര്‍ ഇമേജ് വീണ്ടെടുക്കാന്‍ തങ്ങള്‍ക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.
ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണിലെ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നു. അതേസമയം, ലാബിലെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരെത്തെ വിന്‍സന്‍ ചൊവ്വല്ലൂര്‍ മുഖേന ദിലീപിന്റെ അഭിഭാഷകനാണ് ഫോണുകള്‍ പോലീസിന് കൈമാറിയിരുന്നത്.