കൊച്ചി: ഗൂഢാലോചന കേസിലെ തെളിവു ശേഖരണത്തിന്റെ പേരില്‍ വീട്ടില്‍ റെയ്ഡ് നടത്തിയത് കൃത്രിമ തെളിവുണ്ടാക്കാനെന്നു സംശയിക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍. നാലു വര്‍ഷം മുമ്പു നടത്തിയെന്നു പറയുന്ന ഗൂഢാലോചനയുടെ തെളിവുകള്‍ എങ്ങനെയാണ് വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ കിട്ടുകയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ പരഗണിക്കുന്നത്.
കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനു പിന്നാലെ ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയാണ് ക്രൈംബ്രാഞ്ച് ചെയ്തതെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് അഗര്‍വാള്‍ പറഞ്ഞു. റെയ്ഡ് മാധ്യമങ്ങള്‍ ലൈവ് ആയി കാണിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ല.
എണ്‍പത്തിനാലു വയസ്സുള്ള അമ്മയുടെ കിടപ്പു മുറിയില്‍ വരെ പൊലീസ് കയറി. ഗൂഢാലോചനയ്ക്കു തെളിവു വാക്കുകളല്ലേ? നാലു വര്‍ഷം മുമ്പു നടത്തിയെന്നു പറയുന്ന ഗൂഢാലോചനയുടെ എന്തു തെളിവാണ് ഇപ്പോള്‍ റെയ്ഡ് നടത്തിയാല്‍ കിട്ടുക? ഇത് കൃത്രിമ തെളിവുണ്ടാക്കാനുള്ള നീക്കമാണെന്നു സംശയിക്കേണ്ടതുണ്ട്- ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
ഒരാള്‍ ഒരു ദിവസം ടിവിയിലൂടെ നാലു വര്‍ഷം മുമ്പു നടന്ന ഒരു കാര്യമെന്നു പറഞ്ഞ് വെളിപ്പെടുത്തല്‍ നടത്തുകയാണ്. അഞ്ചോ ആറോ ദിവസത്തിനകം അതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പ്രാഥമിക അന്വേഷണം നടത്തിയോ? അങ്ങനെയെങ്കില്‍ ആരാണത് നടത്തിയത്? അന്വേഷണം നടത്തിയത് ഗൂഢാലോചനയ്ക്ക് ഇരയായെന്നു പറയുന്ന ആള്‍ തന്നെയാവുമ്പോള്‍ അതെങ്ങനെ വിശ്വസനീയമാവുമെന്ന് ദിലീപ് ചോദിച്ചു.