News

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മസ്തിഷ്‌ക ക്യാന്‍സര്‍ ഉണ്ടാകുമോ?; പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ലണ്ടന്‍: മൊബൈല്‍ ഫോണുകളുടെ ഉപയോഗം മസ്തിഷ്‌ക ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. യുകെ മില്യണ്‍ വുമണ്‍ സ്റ്റഡിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് 1935 നും 1950 നും ഇടയില്‍ ജനിച്ച യുകെ സ്ത്രീകളില്‍ നാലില്‍ ഒരാളെ റിക്രൂട്ട് ചെയ്താണ് പഠനം നടത്തിയത്. 60 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 75 ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും 75 നും 79 നും ഇടയില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തില്‍ താഴെയാണെന്നും ഗവേഷണത്തില്‍ വ്യക്തമായി.

776,000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍, രണ്ട് പതിറ്റാണ്ടുകളായി എല്ലാ ദിവസവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലല്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. 2001ല്‍ ആരംഭിച്ച ഗവേഷണത്തില്‍ 776,000 പേര്‍ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 2011ല്‍ വീണ്ടും സര്‍വ്വേ നടത്തി.

ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഇവരില്‍ വിവിധ തരത്തിലുള്ള ബ്രെയിന്‍ ട്യൂമറുകളുടെ സാധ്യത പരിശോധിച്ചു. ഗ്ലിയോമ (നാഡീവ്യവസ്ഥയുടെ ട്യൂമര്‍), അക്കോസ്റ്റിക് ന്യൂറോമ (മസ്തിഷ്‌കത്തെയും ആന്തരിക ചെവിയെയും ബന്ധിപ്പിക്കുന്ന നാഡിയുടെ ട്യൂമര്‍), മെനിഞ്ചിയോമ (മസ്തിഷ്‌കത്തിന് ചുറ്റുമുള്ള സ്തരത്തിന്റെ ട്യൂമര്‍), പിറ്റിയൂട്ടറി ഗ്രന്ഥിയിലെ മുഴകള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്.

തുടര്‍ന്നുള്ള കാലയളവില്‍, 3268 സ്ത്രീകളില്‍ ബ്രെയിന്‍ ട്യൂമര്‍ വികസിച്ചതായി കണ്ടെത്തി. എന്നാല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മില്‍ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യതയില്‍ കാര്യമായ വ്യത്യാസമില്ലെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ, ദിവസവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലും ആഴ്ചയില്‍ 20 മിനിറ്റെങ്കിലും സംസാരിക്കുന്നവരിലും 10 വര്‍ഷത്തിലേറെയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലും വ്യത്യസ്ത തരത്തിലുള്ള ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യതയില്‍ യാതൊരു വര്‍ദ്ധനവുമില്ലെന്നും ഗവേഷകര്‍ പറയുന്നു.

‘സാധാരണ സാഹചര്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബ്രെയിന്‍ ട്യൂമര്‍ സാധ്യത വര്‍ദ്ധിപ്പിക്കില്ല എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്’, ഓക്സ്ഫോര്‍ഡ് പോപ്പുലേഷന്‍ ഹെല്‍ത്തിന്റെ കാന്‍സര്‍ എപ്പിഡെമിയോളജി യൂണിറ്റിലെ പഠന ഗവേഷകനായ കിര്‍സ്റ്റിന്‍ പിരി പറഞ്ഞു.

‘ഇത് നന്നായി രൂപകല്‍പ്പന ചെയ്തതും സാധ്യതയുള്ളതുമായ ഒരു പഠനമാണ്. മുന്‍കാല പഠനങ്ങളില്‍ നിന്ന് ഏറെ വത്യസ്തമാണ് ഈ പഠനം. നിലവിലുള്ള പല ആശങ്കകളും ഇത് ഇല്ലാതാക്കും,’ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഫിസിക്സ് ആന്‍ഡ് ക്ലിനിക്കല്‍ എഞ്ചിനീയറിംഗ് ഡയറക്ടര്‍ പ്രൊഫസര്‍ മാല്‍ക്കം സ്പെറിന്‍ പറഞ്ഞു.

എന്നാല്‍, പഠനത്തില്‍ പങ്കെടുത്ത ഫോണ്‍ ഉപയോഗിക്കുന്നവരില്‍, 18 ശതമാനം പേര്‍ മാത്രമാണ് ഓരോ ആഴ്ചയും 30 മിനിറ്റോ അതില്‍ കൂടുതലോ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതെന്നും ഗവേഷണത്തില്‍ കുട്ടികളെയോ കൗമാരക്കാരെയോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker