കോട്ടയം: പിന്നിൽ പോലീസ് സ്റ്റേഷനിലെ ഓഫീസ് മുറി… യൂണിഫോം ധരിച്ച ‘വ്യാജ’ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ സ്ക്രീനിലെത്തി. ലോ എൻഫോഴ്സ്മെന്റ് ഏജൻസിയിൽനിന്നാണെന്ന് അറിയിച്ചു. 68 വയസ്സുള്ള കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയുടെ ഫോണിലേക്ക് മൂന്നുദിവസം മുമ്പ് എത്തിയ വീഡിയോ കോളിലായിരുന്നു ഇവയെല്ലാം.
സംഭാഷണങ്ങൾ പതിവ് തട്ടിപ്പുരീതിയിൽ ആയിരുന്നു. “നിങ്ങളുടെ അക്കൗണ്ടിലൂടെ അനധികൃത പണമിടപാടുകൾ നടന്നതിന്റെ രേഖകൾ പിടിച്ചെടുത്തു. കേസ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്”-അവർ അറിയിച്ചു. സ്ത്രീ ഭയന്നു. ഫോണിൽ അയച്ചുനൽകിയ ലിങ്ക് ഇവരെക്കൊണ്ട് തുറപ്പിച്ചു.
“ഇനിമുതൽ നിങ്ങൾ ‘ലൈവ് അറസ്റ്റി’ലാണ്, മറ്റാരുമായും ബന്ധപ്പെടാൻ ശ്രമിക്കരുത്. കേസിൽനിന്നൊഴിവാക്കാൻ ഉടൻ 27 ലക്ഷം രൂപ അക്കൗണ്ട് മുഖേന ട്രാൻസ്ഫർ ചെയ്യണം. ബാങ്കിലെത്തുമ്പോൾ ആരെങ്കിലും ചോദിച്ചാൽ ഭൂമി വാങ്ങാനെന്ന് അറിയിക്കണം”. മക്കൾ വിദേശത്തുള്ള, തനിച്ചുതാമസിക്കുന്ന സ്ത്രീ, ഈ വ്യാജ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് വീട്ടിൽ അറസ്റ്റിലിരുന്നു.
ഈ വ്യാജഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം, മൂന്നാം ദിവസം ചൊവ്വാഴ്ച രാവിലെ 27 ലക്ഷം രൂപ പിൻവലിക്കാനായി കോട്ടയം നാഗമ്പടത്തെ ആക്സിസ് ബാങ്കിലെത്തി. ഇടപാടിൽ അസാധാരണത്വം തോന്നിയ ബാങ്ക് കസ്റ്റമർ റിലേഷൻസ് മാനേജർ ആന്റോ തോമസും ഇൻവെസ്റ്റ്മെന്റ് മാനേജരും കോട്ടയം സൈബർ പോലീസ് ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജുമായി ബന്ധപ്പെട്ടു. ഉടൻ സബ് ഇൻസ്പെക്ടർ അഭിലാഷ് ഭാസ്കർ ബാങ്കിലെത്തി സ്ത്രീയെയും ബാങ്ക് ഉദ്യോഗസ്ഥരെയും സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
‘ഒറിജിനൽ’ പോലീസ്, ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അപ്പോഴേയ്ക്കും തട്ടിപ്പുസംഘം ‘ലൈവി’ൽനിന്ന് പോയി. സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കണമെന്നും സൈബർ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ് അറിയിച്ചു.
സൈബർ പോലീസ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ:
- ഔദ്യോഗിക പദവി: ഒരു നിയമപാലക ഏജൻസിയും (Police, CBI, ED) വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ല.
- ലിങ്കുകൾ ശ്രദ്ധിക്കുക: അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
- വിവരങ്ങൾ കൈമാറരുത്: ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപി (OTP) നമ്പറുകളോ ആരുമായും പങ്കുവെക്കരുത്.
- റിപ്പോർട്ട് ചെയ്യുക: ഇത്തരം കോളുകൾ വന്നാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ
www.cybercrime.gov.inഎന്ന വെബ്‌സൈറ്റിലോ പരാതിപ്പെടുക.
English Summary: A 68-year-old woman from Kanjikuzhy, Kottayam, narrowly escaped a major financial loss after falling victim to a “Digital Arrest” scam on March 15, 2026. Fraudsters posing as law enforcement officers contacted her via a video call, appearing in front of a backdrop resembling a police station. They claimed her bank account was involved in illegal money laundering and threatened legal action. Under duress, the woman was forced to click on a malicious link sent to her phone. Cyber police have launched an investigation into the incident, emphasizing that no official agency conducts arrests or investigations via video calls.

