ബ്രസ്സല്‍സ്: ലോകത്തിന് തന്നെ ആശങ്ക പകര്‍ന്നുകൊണ്ട് കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ ശരീരത്തില്‍ വൈറസിന്റെ ആല്‍ഫ, ബീറ്റ വകഭേദങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഒരേ സമയം രണ്ട് വകഭേദങ്ങളും 90കാരിയായ രോഗിയെ ബാധിച്ചിരുന്നതായി ബെല്‍ജിയം ഗവേഷകരാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രോഗിയിലുള്ള വൈറസ് വകഭേദങ്ങള്‍ തിരിച്ചറിയാത്തതോ വേണ്ടത്ര ഗൗരവം നല്‍കാത്തതോ ആവാം മരണത്തിന് കാരണമായതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രോഗികളില്‍ അപൂര്‍വമായി മാത്രമാണ് ഒന്നിലധികം വകഭേദങ്ങള്‍ ഒരേസമയം കണ്ടെത്തിയിട്ടുള്ളത്. ആല്‍സ്റ്റിലെ ഒഎല്‍വി ആശുപത്രിയില്‍ മാര്‍ച്ചില്‍ പ്രവേശിച്ച രോഗി അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗം ഗുരുതരമായി മരണത്തിന് കീഴടങ്ങിയത്. ഇവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല.
ബെല്‍ജിയത്തില്‍ ആ സമയത്ത് രണ്ട് വകഭേദങ്ങളും വ്യാപിച്ചിരുന്നതായും മരിച്ച രോഗിയ്ക്ക് വ്യത്യസ്ത വ്യക്തികളില്‍ നിന്ന് രണ്ട് വകഭേദങ്ങളും ബാധിച്ചതായിരിക്കാമെന്നും ഒഎല്‍വി ആശുപത്രിയിലെ മോളികുലര്‍ ബയോളജിസ്റ്റായ ആന്‍ വാന്‍കീര്‍ബര്‍ഗന്‍ പറഞ്ഞു. രണ്ട് വകഭേദങ്ങളും ഒരേ സമയം ബാധിച്ചതാണോ രോഗിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ലെന്നും രാജ്യത്തെ ആദ്യത്തെ സംഭവമാണിതെന്നും വാന്‍കീര്‍ബര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബ്രസീലിലും സമാനമായ രണ്ട് കേസുകള്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്.