വീണ്ടും ട്വിസ്റ്റ്..! രേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവിനെ കണ്ടെത്തി; ‘ബിലാല്‍’ എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്ന അനന്തു പ്രസാദ് ജയിലില്‍

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുമായി ഫേസ്ബുക്കിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്ന യുവാവിനെ കണ്ടെത്തി. രേഷ്മ നാല് മാസമായി ഈ യുവാവുമായി ചാറ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവ് ഒരു കേസില്‍ പെട്ട് ഇപ്പോള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

അനന്തു പ്രസാദ് എന്നാണ് യുവാവിന്റെ പേര്. വര്‍ക്കല സ്വദേശിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. അതേസമയം അനന്തു എന്ന പേരിലല്ല യുവാവ് രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. ബിലാല്‍ എന്ന പേരിലായിരുന്നു ചാറ്റ്. ഇതോടെ കേസില്‍ വീണ്ടും ദുരൂഹത നിറയുകയാണ്. ജയിലാവുന്നതിനു മുമ്പു വരെ ബിലാല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു ഇതു ബിലാല്‍ എന്ന ഫേസ്ബുക്ക് സുഹൃത്താണെന്നാണ് രേഷ്മ മൊഴി നല്‍കിയത്. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഷ്മ പോലീസിനോട് പറഞ്ഞു. ഒടുവില്‍ പോലീസാണ് ഇത് ബിലാലല്ല അനന്തു പ്രസാദ് ആണെന്ന് രേഷ്മയെ അറിയിച്ചത്.

എന്നാല്‍ രേഷ്മ ഇത് അനന്തുവാണെന്ന് അറിയാമെന്ന കാര്യം മറച്ചു വെക്കുകയാണോ എന്ന് വ്യക്തമല്ല. കാരണം ഈ യുവാവ് വര്‍ക്കല സ്വദേശിയാണ്. അനന്തുവിനെ കാണാന്‍ ഒരുതവണ വര്‍ക്കലയില്‍ പോവുകയും കാണാനാവാവാതെ മടങ്ങിയെന്നും നേരത്തെ രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News