മറഡോണയുടെ വാച്ച് മോഷ്ടിച്ചയാള്‍ ആസാമില്‍ പിടിയില്‍

ഗോഹട്ടി: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ വിലയേറിയ വാച്ച് മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ ആസാമില്‍ അറസ്റ്റില്‍. ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെയാണ് ആസാം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും പോലീസ് കണ്ടെടുത്തു. 20 ലക്ഷം രൂപയോളം വിലയുള്ള വാച്ചാണ് ഇയാള്‍ മോഷ്ടിച്ചത്.

ദുബായില്‍ മറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വാസിദ്. ഇവിടെനിന്നാണ് വിലകൂടിയ ഹുബ്ലോ വാച്ച് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വാച്ചുമായി ഇയാള്‍ നാട്ടിലേക്ക് വരികയും ചെയ്തു.

ദുബായ് പോലീസ് ഇന്ത്യയിലെ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പ്രതി ആസാമിലുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് ആസാം പോലീസിന് വിവരം കൈമാറുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ വാസിദിന്റെ ശിവസാഗറിലെ ഭാര്യവീട്ടിലെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. അധികൃതര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News