35 ദിവസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച ഭര്‍ത്താവ് ജീവനോടെയുണ്ടെന്ന് ആശുപത്രി; തെളിയിക്കാന്‍ വീഡിയോ കോളും! സംഭവം എറണാകുളത്ത്

കൊച്ചി: കൊവിഡ് ബാധിതനായി മരിച്ച ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്നും ചികിത്സയിലാണെന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍. മാലിപ്പുറം ആശാരിപറമ്പ് ചുള്ളിക്കല്‍ ഫ്രാന്‍സിസിന്റെ (57) ഭാര്യ ഗീതയ്ക്കാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഫോണ്‍കോള്‍ എത്തിയത്.

കൊവിഡിനെ തുടര്‍ന്നു 35 ദിവസം മുന്‍പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് ജീവനോടെയുണ്ടെന്ന ഫോണ്‍ കോള്‍ വന്നതോടെ ഗീതയും കുടുംബാംഗങ്ങളും ഞെട്ടി. തന്റെ ഭര്‍ത്താവ് മരിച്ചതായി ഗീത പറഞ്ഞെങ്കിലും ആശുപത്രിയില്‍ നിന്ന് വിളിച്ചവര്‍ സമ്മതിച്ചില്ല. സോഡിയം കുറഞ്ഞുപോയ ഭര്‍ത്താവിന്റെ സോഡിയം ക്രമീകരിച്ചു കൊണ്ടിരിക്കെയാണെന്നാണ് ഗീതയെ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.

ജൂണ്‍ 3ന് ഇതേ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഫ്രാന്‍സിസ് മരിച്ചത്. പിപിഇ കിറ്റ് ധരിച്ച സംസാരിച്ച നഴ്സ് വിഡിയോ കോളില്‍ ഫ്രാന്‍സിസിനു നല്‍കാമെന്നു പറഞ്ഞ് ഒരാളെ കാണിച്ചു. വീഡിയോ കോളിന് ഇടയില്‍ പെട്ടെന്നു ഫോണ്‍ കട്ടായി. ഇതോടെ സത്യമറിയാന്‍ തനിക്ക് രോഗിയെ കാണണമെന്നാവശ്യപ്പെട്ട് ഗീത ഡോക്ടറെ വിളിച്ചു.

അല്ലെങ്കില്‍ ആശുപത്രിയിലേക്കു എത്തുമെന്നും പറഞ്ഞതോടെ മാനേജ്‌മെന്റുമായി ആലോചിച്ച ശേഷം വിളിക്കാമെന്നു പറഞ്ഞു. ഏറെ സമയത്തിനുശേഷം വിഡിയോ കോളിലൂടെ രോഗിയെ കാണിച്ചു. ഫ്രാന്‍സിസ് എന്നു പേരുള്ള പള്ളുരുത്തി സ്വദേശിയാണു ഗീതയോടു നേരിട്ടു സംസാരിച്ചത്. പുതിയ ജീവനക്കാരിക്ക് അബദ്ധം പറ്റിയതാണെന്നാണ് അധികൃതര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News