കൊച്ചി; വൈദ്യുതി ബില്‍ അടയ്ക്കാന്‍ മറന്നെങ്കില്‍ വേഗം അടച്ചോളൂ, ഇനിയും വൈകിയാല്‍ കണക്ഷന്‍ കട്ടാകും. കുടിശിക വരുത്തിയ വൈദ്യുതി ഉപഭോക്താക്കളുടെ കണക്ഷന്‍ വിഛേദിക്കാനുള്ള നോട്ടീസ് നല്‍കാന്‍ കെഎസ്ഇബി നിര്‍ദേശം. കൊവിഡ് ലോക്ഡൗണ്‍ പലയിടത്തും തുടരുന്നതിനിടയിലാണ് തീരുമാനം.
കുടിശിക പിരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് വൈദ്യുതി ബോര്‍ഡ് വിശദീകരിക്കുന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കു ഫോണ്‍ സന്ദേശമായാണ് അറിയിപ്പ് ലഭിച്ചത്. 15 ദിവസത്തെ നോട്ടീസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷന്‍ വിഛേദിക്കും.
ലോക്ഡൗണ്‍ കാലത്തു വൈദ്യുതി കണക്ഷന്‍ വിഛേദിക്കില്ലെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും ലോക്ഡൗണ്‍ സമയത്ത് ഇതുപോലെ നോട്ടിസ് നല്‍കിയെങ്കിലും പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ചു. 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള ബില്‍ അടയ്ക്കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കുകയും ഗഡുക്കളായി അടയ്ക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
അതിനിടെ വൈദ്യുതി ചാര്‍ജ് കുടിശിക വരുത്തിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ തുക അടയ്ക്കാന്‍ സാവകാശം നല്‍കുകയോ തവണകള്‍ അനുവദിക്കുകയോ ചെയ്യുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.