തിരുവനന്തപുരം: ഭക്ഷണത്തിൽ രാസവസ്തുക്കൾ കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയിൽ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനം. സരിതയുടെ ശരീരത്തിൽ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ കെമിക്കൽ പരിശോധന നടത്താനാണ് തീരുമാനമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
കെമിക്കൽ ലാബിൽ നിന്നും ലഭിക്കുന്ന പരിശോധനാഫലം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ അയച്ച് വിശദമായ പരിശോധന നടത്താനും ആലോചനയുണ്ട്. ഭക്ഷണത്തിലൂടെ ശരീരത്തിൽ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനായി സാപിളുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതിനായി സരിതയ്ക്ക് നോട്ടീസ് നൽകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുൻ ഡ്രൈവർ വിനു കുമാർ ഭക്ഷണത്തിൽ പലതവണയായി രാസവസ്തുക്കൾ ചേർത്ത് നൽകി കൊല്ലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതിയിൽ പറയുന്നത്. 2022 ജനുവരി മൂന്നിന് നടത്തിയ യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വെച്ചാണ് വിനു കുമാർ ഭക്ഷണത്തിൽ രാസവസ്തു കലർത്തിയതായി മനസിലാക്കിയത്. ചികിത്സ തേടിയപ്പോഴാണ് വിവരം തിരിച്ചറിഞ്ഞതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
രാസവസ്തുക്കൾ ശരീരത്തിൽ എത്തിയതോടെ ഗുരുതര പ്രശ്നങ്ങൾ നേരിട്ടു. ഇടത് കണ്ണിൻ്റെ കാഴ്ചയും ഇടതു കാലിൻ്റെ സ്വാധീനം കുറയുകയും ചെയ്തുവെന്ന് പരാതിയിൽ സരിത പറയുന്നുണ്ട്. പരാതിയിൽ കേസെടുത്ത പോലീസ് വിനു കുമാറിൻ്റെ മൊഴി രേഖപ്പെടുത്തി. സരിതയ്ക്ക് രാസവസ്തുക്കൾ നൽകി കൊല്ലപ്പെടുത്തുന്നതിലൂടെ ഇയാൾക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വിനുവിൻ്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. ഇതിനായി ബാങ്കുകൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
സരിതയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ വിനു കുമാർ പ്രവർത്തിച്ചുവെന്നും പീഡനപരാതിയിലെ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നത്. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.