ചെന്നൈ:ഇരക്കുട്ടികളുടെ അച്ഛനും അമ്മയും ആയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ വിവരം പങ്കുവച്ചത്. ഏറെ ആവേശത്തോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്. ഉയിര്, ഉലകം എന്നിങ്ങനെയാണ് നയനും വിക്കിയും തങ്ങളുടെ പൊന്നോമനകൾക്ക് പേര് നൽകിയിരിക്കുന്നത്. ഞങ്ങൾ അച്ഛനും അമ്മയും ആയിരിക്കുന്നു. ഞങ്ങൾക്ക് ഇരട്ട കുട്ടികൾ പിറന്നിരിക്കുന്നു. ഉയിരിനും ഉലകിനും നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം എന്നാണ് വിഘ്നേഷ് ശിവൻ മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
എന്നാൽ താരദമ്പതികളുടെ മക്കളുടെ പേരിന്റെ അർഥമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഉയിര് എന്നാൽ ജീവിതമെന്നും ഉലകം എന്നാൽ ലോകമെന്നുമാണ് അർഥം. നാലു പേർക്കും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചു കൊണ്ടിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും.
അതേസമയം വാടകഗർഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായതെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ നയൻതാരയോ വിഘ്നേഷോ ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മുൻപും ഇരുവരും വാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ വർഷം ജൂൺ 9 ന് ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
പ്രമുഖ താരങ്ങളടക്കം നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാൻ നായകനായെത്തുന്ന ജവാൻ, മലയാളത്തിൽ ഗോൾഡ്, ഇരൈവൻ, കണക്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അജിത്തിന്റെ 62-ാം ചിത്രമാണ് വിഘ്നേഷിന്റേതായി പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. നയൻതാരയുടെ വിവാഹ വിഡീയോയും അണിയറയിൽ ഒരുങ്ങുകയാണ്. നയൻതാര ബിയോണ്ട് ദ് ഫെയറി ടെയിൽ എന്ന പേരിൽ ഡോക്യുമെന്ററി ആയിട്ടാണ് ഇത് പ്രേക്ഷകർക്ക് മുന്നിലെത്തുക. സംവിധായകൻ ഗൗതം വാസുദേവ മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഡോക്യുമെന്ററിയുടെ രണ്ട് ടീസറുകൾ പുറത്തുവന്നിരുന്നു. ടീസറിനും വൻ വരവേൽപ്പാണ് ആരാധകർക്കിടയിൽ നിന്ന് ലഭിച്ചത്.
നയൻതാരയുടെ ചെറുപ്പകാലവും കരിയറും വിവാഹവുമെല്ലാം ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നയനും വിക്കിയും വിവാഹിതരാകുന്നത്. നയൻതാരയുടെ കരിയറിൽ തന്നെ ബ്രേക്ക് നൽകിയ നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകനായിരുന്നു വിഘ്നേഷ്. ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായതും.
ചിരഞ്ജീവി നായകനായെത്തിയ ഗോഡ്ഫാദർ ആണ് നയൻതാരയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ 2003 ലായിരുന്നു നയൻതാര സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീട് ചില മലയാള സിനിമകളിൽ അഭിനയിച്ച ശേഷം താരം തെലുങ്ക്, തമിഴ് സിനിമയിലേക്ക് എത്തുകയായിരുന്നു. മറ്റു ഭാഷകളിൽ ഗ്ലാമറസ് വേഷങ്ങളാണ് കൂടുതലും നയനെ തേടിയെത്തിയത്.
ഇടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം 2011 ൽ രാജ റാണി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീടിങ്ങോട്ട് താരത്തിന്റെ കൈ പതിച്ചതെല്ലാം വൻ ഹിറ്റുകളായിരുന്നു.