വയനാട്: കുറുക്കന്‍മൂല പ്രദേശത്ത് ദിവസങ്ങളായി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവ നാട്ടിന്‍പുറത്ത് എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍. കേരള വനംവകുപ്പിന്റെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട കടുവയല്ല കുറുക്കന്‍മൂലയില്‍ ഭീതി വിതയ്ക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.കര്‍ണാടക വനത്തില്‍ നിന്നുള്ള കടുവയാണ് പ്രദേശത്ത് എത്തിയിരിക്കുന്നത്.
കര്‍ണാടക വനംവകുപ്പ് അധികൃതരുടെ കെണിയില്‍ കുടുങ്ങിയ കടുവയെ ബോധപൂര്‍വം വയനാട്ടിലെ ജനവാസ മേഖലയില്‍ തുറന്നുവിടുകയായിരുന്നുവെന്നാണ് ആരോപണം. ദിവസങ്ങളായി പ്രദേശത്ത് എത്തിയ കടുവയുടെ ചിത്രം കഴിഞ്ഞ ദിവസം വനംവകുപ്പിന് ലഭിച്ചിരുന്നു. കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്.
പ്രദേശത്തെ കര്‍ഷകര്‍ കാട്ടുപന്നിയെ പിടിക്കാന്‍ തോട്ടങ്ങളില്‍ സ്ഥാപിക്കുന്ന കുടുക്കില്‍ കുരുങ്ങിയാണ് കഴുത്തിന് പരിക്കേറ്റതെന്ന് വനംവകുപ്പ് സംശയിക്കുന്നുണ്ട്. അതിനിടെയാണ് കര്‍ണാടക വനത്തിലുള്ള കടുവയാണ് കുറുക്കന്‍മൂലയില്‍ എത്തിയതെന്ന ആരോപണം ഉയരുന്നത്. കടുവയ്ക്കായി വ്യാപക തെരച്ചില്‍ നടത്തുന്നുണ്ടെങ്കുലം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരച്ചിലിന് രണ്ടു കുംങ്കി ആനകളെയും ഡ്രോണ്‍ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.
പ്രദേശത്ത് പലയിടത്തായി അഞ്ച് കൂടുകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.അതിനിടെ പകല്‍ സമയം കടുവയെ കണ്ടാല്‍ വെടിവച്ച് കഴുത്തിലെ മുറിവിന് ചികിത്സ നല്‍കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വെറ്റിനറി ഡോക്ടര്‍ ഉള്‍പ്പടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവ ഭീതി മൂലം പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.