‘ലക്ഷ്യം മുഖ്യമന്ത്രി പദവി, അപ്പോഴാണ് അജുവിന്റെ കുരുട്ട് ബുദ്ധി’; ‘അമ്മ’ പ്രസിഡന്റ് അഭ്യൂഹങ്ങളിൽ ധ്യാൻ സ്റ്റൈൽ മറുപടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ (AMMA) പ്രസിഡന്റായേക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തനതായ ഹാസ്യശൈലിയിൽ തള്ളി നടൻ ധ്യാൻ ശ്രീനിവാസൻ. താൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പദ്ധതിയിട്ടു നടക്കുമ്പോഴാണ് തന്നെ ഒതുക്കാൻ വേണ്ടി ‘അമ്മ’യുടെ പ്രസിഡന്റാകാനുള്ള ഓഫർ വന്നതെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. താനൊരിക്കലും ആ സംഘടനയുടെ തലപ്പത്തിരിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും, ഇപ്പോൾ പലരും ചേർന്ന് തന്റെ തലയിൽ ചാർത്തിത്തന്നിരിക്കുന്ന ‘പ്രസിഡന്റ് സ്ഥാനം’ താൻ ഇതാ പരസ്യമായി രാജിവെയ്ക്കുന്നുവെന്നും ധ്യാൻ തമാശരൂപേണ വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘വിസിറ്റർ’ (Visitor) എന്ന സിനിമയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കഴിഞ്ഞ കുറച്ചുനാളായി സിനിമകൾ കുറച്ചിട്ട് സ്റ്റേജ് ഷോകളിലും പരസ്യങ്ങളിലുമൊക്കെയാണ് ഞാൻ കൂടുതൽ ശ്രദ്ധകൊടുക്കുന്നത്. അങ്ങനെയിരിക്കെ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ഞാൻ ആസ്ട്രേലിയയിലിരിക്കുകയാണ്. തമിഴ് താരം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ ഞാൻ ഉള്ളിൽ തീരുമാനിച്ചു, അടുത്ത ഒരു 15 വർഷത്തിനുള്ളിൽ എനിക്കും അങ്ങനെയാകാമെന്ന്. അപ്പോഴാണ് അജു വർഗീസ് എന്നെ വിളിച്ചുപറയുന്നത് നീ ആദ്യം മുഖ്യമന്ത്രിയാകണ്ട, അതിന്റെ ആദ്യ ചുവട് എന്ന നിലയിൽ അമ്മയുടെ പ്രസിഡന്റാവൂ എന്ന്. ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്ത് ആളുകളുടെ കണ്ണിൽ പൊടിയിട്ടതിനുശേഷം പതുക്കെ മുഖ്യമന്ത്രിയാകാം എന്നും അജു എന്നെ ഉപദേശിച്ചു,” ധ്യാൻ സദസ്സിനെ ചിരിപ്പിച്ചുകൊണ്ട് പറഞ്ഞു.

താൻ ഓസ്ട്രേലിയയിലിരിക്കുമ്പോഴാണ് അമ്മയുടെ നേതൃസ്ഥാനത്തേക്ക് ധ്യാൻ ശ്രീനിവാസൻ വന്നേക്കും എന്ന തരത്തിലുള്ള വാർത്തകൾ നാട്ടിൽ പ്രചരിക്കുന്നത്. അയർലൻഡിൽ മോഹൻലാൽ ഒരു ഷോയ്ക്ക് തയ്യാറെടുത്ത് നിൽക്കുമ്പോൾ കാണുന്ന വാർത്ത, താൻ അമ്മ പ്രസിഡന്റാവാൻ സന്നദ്ധത അറിയിച്ചു എന്നാണ്. “യഥാർത്ഥത്തിൽ അമ്മയിലെ പവർ ഗ്രൂപ്പ് എന്നത് അജു വർഗീസാണ്. ഇതിനിടെ അമ്മയിലേക്ക് വരേണ്ടെന്നും അവിടെ ഭയങ്കര പ്രശ്നങ്ങളാണ് നടക്കുന്നതെന്നും പറഞ്ഞ് അജു വീണ്ടും എന്നെ വിളിച്ചു. ഇനിയിപ്പോൾ അമ്മയുടെ പ്രസിഡന്റും മുഖ്യമന്ത്രിയുമൊന്നും ആകണ്ട, ഗവർണറാകുകയാണ് എനിക്ക് പറ്റിയ പണിയെന്ന് അജു പറഞ്ഞു; അതാകുമ്പോൾ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ,” ധ്യാൻ കൂട്ടിച്ചേർത്തു.

അതിനിടയിൽ തന്റെ അമ്മയും ഈ വാർത്തകൾ കണ്ട് പേടിച്ചതായി ധ്യാൻ വെളിപ്പെടുത്തി. “മോനേ, നീ അമ്മ സംഘടനയുടെ പ്രസിഡന്റാകാൻ പോകുകയാണെന്ന് കേട്ടു, അതൊരിക്കലും പാടില്ലെന്ന് അമ്മ എന്നോട് പറഞ്ഞു. അച്ഛൻ (ശ്രീനിവാസൻ) ഒരിക്കലും ആ സ്ഥാനത്തേക്ക് പോകാതിരുന്നതിന്റെ കാരണം അമ്മ വ്യക്തമാക്കി തന്നു. സ്ട്രെയിറ്റ് ഫോർവേർഡ് ആയി കാര്യങ്ങൾ പറയുന്ന ആളുകൾക്ക് ആ സ്ഥാനത്തിരിക്കാൻ പറ്റില്ലെന്നും ചില കാര്യങ്ങളിൽ നമ്മൾ കണ്ണടയ്ക്കേണ്ടിവരുമെന്നും അമ്മ ഉപദേശിച്ചു. പക്ഷേ ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് ശരിക്കും മനസിലായില്ല. എങ്കിലും മുഖ്യമന്ത്രിയായി എവിടെയോ ഒതുങ്ങിക്കൂടണമെന്നാഗ്രഹിച്ചിരുന്ന എന്നെ അമ്മയുടെ പ്രസിഡന്റാക്കിയേ തീരൂ എന്ന വാശിയിലാണ് എന്റെ മെന്റർ (അജു വർഗീസ്). അതുകൊണ്ട് ഒരിക്കലും ആകണമെന്ന് ആഗ്രഹിക്കാത്ത അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഞാൻ ദാ രാജിവെയ്ക്കുന്നു,” ധ്യാൻ നയം വ്യക്തമാക്കി.

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ചു പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിസിറ്റർ’. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നീതു മാത്യു തിരക്കഥയെഴുതിയ ഈ ചിത്രം ഒരു ഹൊറർ ത്രില്ലറായാണ് അണിയറയിൽ ഒരുങ്ങുന്നത്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ധ്യാനിന്റെ തമാശകൾ നിറഞ്ഞ പ്രസ്താവനയോടെ പുതിയ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

English Summary

Actor Dhyan Sreenivasan humorously dismissed rumors suggesting he might become the next president of the actors’ association, ‘AMMA’. Speaking at a promotional event for his upcoming horror movie ‘Visitor’, Dhyan joked that he was planning to become a Chief Minister in 15 years, inspired by Tamil actor Vijay, when Aju Varghese called him to suggest running for the AMMA presidency as a stepping stone. Dhyan playfully termed Aju Varghese as the real “power group” behind the rumors. He added that even his mother warned him against taking up the post, stating that straightforward people like his father Sreenivasan cannot hold such positions. Dhyan concluded by jokingly “resigning” from the presidency he never wanted. His upcoming movie ‘Visitor’, co-starring Urvashi and Navya Nair, is directed by Rahul Muralidharan.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News