കൊച്ചി: മലയാള സിനിമയില്‍ എന്നും വെട്ടിതുറന്ന് പറയുന്ന വ്യക്തിയാണ് സംവിധായകനും, എഴുത്തുകാരനും, നടനുമായ ശ്രീനിവാസന്‍. അടുത്തിടെ ശ്രീനിവാസന്‍ നടന്‍ മോഹന്‍ലാലിനെതിരെ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. എന്നാല്‍ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോള്‍ കുറച്ചുകൂടി രൂക്ഷമായ ഭാഷയില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
അച്ഛന്‍ ശ്രീനിവാസനുള്‍പ്പെടെ താന്‍ കണ്ട എഴുത്തുകാര്‍ക്കെല്ലാം അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ‘എവിടെയൊക്കെയോ അവര്‍ക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയാണ്.’- ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയുടെ സാഹിത്യോത്സവത്തില്‍ ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍. ശ്രീനിവാസനെ പ്രതിനായകസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ധ്യാനിന്റെ ഡയലോഗുകള്‍.
വീട്ടില്‍ നമുക്ക് എന്തും പറയാം. പക്ഷേ, മോഹന്‍ലാലിനെപ്പോലൊരു മഹാനടനെക്കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ആ സെന്‍സില്‍ എടുക്കണമെന്നില്ല. പ്രത്യേകിച്ച് സരോജ്കുമാര്‍ എന്ന സിനിമയ്ക്കുശേഷം അച്ഛനും മോഹന്‍ലാലിനുമിടയിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീണ സ്ഥിതിക്ക് അച്ഛന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. അവര്‍ തമ്മില്‍ ഇപ്പോഴും സംസാരിക്കാറുപോലുമില്ല- ധ്യാന്‍ പറഞ്ഞു.
ശ്രീനിവാസനെ മനസിലാക്കാതെയാണോ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന്. ‘ശ്രീനിവാസനെ ഏറ്റവും അടുത്തു മനസ്സിലാക്കിയ ആള്‍ ഞാനാ. എന്റെ അച്ഛനെ ഞാന്‍ മനസ്സിലാക്കിയിടത്തോളം ചേട്ടന്‍ മനസ്സിലാക്കിക്കാണില്ല. ഇതൊക്കെപ്പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ എന്റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടേയുള്ളൂ എനിക്ക് ലോകത്തില്‍ എന്തും.
പല അമ്മമാരും സ്ത്രീകളും വിളിച്ചുപറയാറുണ്ട്, ഡിപ്രഷനുള്ളവര്‍ അത് മാറാന്‍ എന്റെ ഇന്റര്‍വ്യൂ കാണുമെന്ന്. അതോടുകൂടി എന്റെ അമ്മ ഡിപ്രഷനിലായി.ഇന്റര്‍വ്യൂകള്‍ കൂടുംതോറും അമ്മയ്ക്ക് പ്രശ്‌നമാണ്. കഴിഞ്ഞവര്‍ഷത്തെ ന്യൂ ഇയറിന് എന്നെ വിളിച്ച് പതിവില്ലാത്തവിധം ആശംസ നേര്‍ന്നിട്ട് പറഞ്ഞത് ‘ഈ വര്‍ഷം ഇന്റര്‍വ്യൂവില്‍ വീട്ടുകാരെക്കുറിച്ച് ഒന്നും പറയരുത്, പ്രത്യേകിച്ച് എന്നെക്കുറിച്ച്’ എന്നാണ്. എനിക്ക് അടുത്ത പത്തുവര്‍ഷത്തേക്ക് സിനിമ ചെയ്യാനുള്ള കഥകള്‍ പത്തുകൊല്ലം മുന്‍പേ ഞാന്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്.