KeralaNews

ധീരജ് വധക്കേസ്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം സോയ്മോന്‍ സണ്ണി ആണ് പിടിയില്‍ ആയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രതി. ചെലച്ചുവട്ടിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ ധീരജ് കുത്തേറ്റ് മരിച്ചത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.

ധീരജിനൊപ്പം കത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ ഇരുവരും നാട്ടിലെ ആശുപത്രികളില്‍ തുടര്‍ ചികിത്സയിലാണ്. മൂന്ന് പേരുടെയും നെഞ്ചിലായിരുന്നു കുത്ത്.

തിങ്കളാഴ്ചയാണ് കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി അടക്കം അറസ്റ്റിലായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നിഖില്‍ പൈലിയേയും സഹായി ജെറിന്‍ ജോജോയേയും ഈ മാസം 22 വരെയും നിതിന്‍ ലൂക്കോസ് ജിതിന്‍ ഉപ്പുമാക്കല്‍ ,ടോണി തേക്കിലക്കാടന്‍ എന്നിവരെ 21 വരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്. കേസിലെ പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ടോണി തേക്കിലക്കാടന്‍, ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button