ന്യൂഡൽഹി: കഴിഞ്ഞ പത്തുദിവസമായി ജന്തർമന്തറിൽ നടക്കുന്ന സംഭവവികാസങ്ങളിൽ താൻ അതീവ ദുഃഖിതനാണെന്നും ദേശീയതാത്പര്യം പരിഗണിച്ച് പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചെന്നും ധർമേന്ദ്ര പ്രധാൻ എക്‌സിൽ കുറിച്ചു. രണ്ടു പേജ് അടങ്ങുന്ന രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്താണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്.
ജന്തർമന്തറിലും രാജ്യത്തുടനീളവും നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് രാജിയെന്ന് ധർമേന്ദ്ര പ്രധാൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രാജ്യവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കരുതെന്നും രാജ്യത്തിന്റെ ഐക്യം നിലനിൽക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി നിയമപോരാട്ടങ്ങളിൽ കുടുങ്ങരുതെന്നും കരുതിയാണ് താൻ രാജി സമർപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ ഉയർന്നുവന്നപ്പോൾത്തന്നെ കേന്ദ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും അന്വേഷണം സി.ബി.ഐ.ക്ക് വിടുകയും ചെയ്തിരുന്നു. തുടർന്ന് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ പ്രഖ്യാപിക്കുകയും അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, നീറ്റ് ക്രമക്കേടിൽ ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി ഡൽഹിയിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടന്നുവരികയായിരുന്നു. രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി ആശയക്കുഴപ്പത്തിലാകാതിരിക്കാൻ വേണ്ടിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് പറഞ്ഞ ധർമേന്ദ്ര പ്രധാൻ, തനിക്ക് നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


