Home-bannerNationalNews

ഇന്ത്യയില്‍ ജീവിയ്ക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ,ഭീഷണിയുമായി കേന്ദ്രമന്ത്രി

 

പൂനെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം കത്തിപ്പടരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യയില്‍ ഒരാള്‍ ‘ഭാരത് മാതാ കീ ജയ്’ പറഞ്ഞേ മതിയാവൂ എന്നും അങ്ങനെയുള്ളവര്‍ക്കേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പുണെയില്‍ നടന്ന എ.ബി.വി.പിയുടെ 54-ാം സംസ്ഥാന (മഹാരാഷ്ട്ര) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ രാജ്യത്തിനു മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി എന്താണ്? ഒരുവശത്ത് രാജ്യത്തിന്റെ പൗരത്വം. അതു പരിഗണിക്കണോ വേണ്ടയോ? ഉദ്ധം സിങ്ങിന്റെ ജീവത്യാഗം പാഴായിപ്പോകണോ? ഭഗത് സിങ്ങിന്റെ ത്യാഗം പാഴായിപ്പോകണോ? നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ത്യാഗം പാഴായിപ്പോകണോ?

സ്വാതന്ത്ര്യത്തിനു വേണ്ടി കോടിക്കണക്കിനാളുകളാണു പൊരുതിയത്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനു ശേഷമെങ്കിലും നമ്മുടെ പൗരന്മാരെ പരിഗണിക്കണ്ടേ? നമുക്കു നമ്മുടെ രാജ്യം ഒരു സത്രമാക്കണോ? ഇവിടെ വരുന്നത് ആരാണെങ്കിലും അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണോ? ഈ വെല്ലുവിളി നമ്മള്‍ നേരിടണം.

ഒരു കാര്യം വളരെ വ്യക്തമായിപ്പറയാം. ഇന്ത്യയില്‍ ഒരാള്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ. അങ്ങനെയുള്ളവര്‍ക്കേ ഇവിടെ ജീവിക്കാന്‍ കഴിയൂ,’ മന്ത്രി പറഞ്ഞു.ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും പൗരത്വം രജിസ്റ്റര്‍ ചെയ്യാനുള്ള ചട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button