കൊച്ചി: മലയാള സിനിമാ താരങ്ങളായ മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ സമീപിച്ചിരുന്നതായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വെളിപ്പെടുത്തല്‍. സെലിബ്രിറ്റികളെ വച്ച് സ്വര്‍ണക്കടത്ത് നടത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ ഈ പേരില്‍ താനാരെയും വിളിച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. ഷംനാ കാസിം ബ്ലാക്ക് മെയിലിംഗ് കേസില്‍ വിവരശേഖരണത്തിനായി ധര്‍മജനെ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ധര്‍മജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആനക്കള്ളന്‍ എന്ന ചിത്രത്തില്‍ ഷംനയോടൊപ്പം താന്‍ അഭിനയിച്ചിരുന്നുവെന്നും ചിലപ്പോള്‍ ഈ പരിചയം വച്ചായിരിക്കാം ഷംനയെ പരിചയപ്പെടുത്തി കൊടുക്കാന്‍ പ്രതികള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് ധര്‍മജന്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് ഈ ആവശ്യവുമായി പ്രതികള്‍ ധര്‍മജനെ സമീപിച്ചത്. അഷ്‌ക്കര്‍ അലി എന്ന പേരുള്ള വ്യക്തിയാണ് തന്നെ വിളിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസിലെ മുഖ്യപ്രതിയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് സ്വര്‍ണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് കോടി രൂപ വാഗ്ദാനം നല്‍കി ഹാരിസ് സ്വര്‍ണം കടത്താന്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് കേസിലെ മുഖ്യപ്രതിയായ ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്.