കൊച്ചി:നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നിരവധി ആരോപണങ്ങളുമായാണ് ധര്‍മജനും ബോള്‍ഗാട്ടി എത്തിയത്. തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
സിനിമാ താരമായതിനാല്‍ താന്‍ കോടിക്കണക്കിന് രൂപയുമായാണ് മത്സരിക്കാന്‍ വരുന്നത് എന്നാണ് ചിലര്‍ വിചാരിച്ചത്. പ്രചാരണം തുടങ്ങിയപ്പോള്‍ നിരന്തരം പണം ആവശ്യപ്പെട്ടതായും ധര്‍മജന്‍ പറയുന്നു.
സാധാരണ സിനിമക്കാരനായ തനിക്ക് കോടികളൊന്നും ചിലവഴിക്കാന്‍ സാധിക്കില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യത്തിനുള്ള പണം ചിലവാക്കിയിട്ടുണ്ട്. പണം കുറേ ചിലവാകും എന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മണ്ഡലത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്.
താന്‍ ആരുടെ കൈയ്യില്‍ നിന്നും തിരഞ്ഞെടുപ്പിനായി പണം വാങ്ങിയിട്ടില്ല. ഒരു സിനിമാ താരത്തിന്റെ കയ്യില്‍ നിന്നും സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാല്‍ പോരേ എന്നാണ് ഒരു നേതാവ് ചോദിച്ചത്. പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ പറഞ്ഞതായി ധര്‍മജന്‍ പ്രതികരിച്ചു.
ബാലുശേരി മണ്ഡലത്തില്‍ മത്സരിച്ച ധര്‍മജന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് തന്റെ പേരില്‍ പണം പിരിച്ചവര്‍ക്കെതിരെ കെ.പി.സി.സിക്ക് കത്ത് നല്‍കിയത്. രണ്ട് കോണ്‍ഗ്രസ് നേതാക്കളും അവരുടെ കൂടെയുള്ള ചിലരുമാണ് തനിക്കെതിരെ നീങ്ങിയത് എന്നും ധര്‍മജന്‍ പറയുന്നു. എന്നാല്‍ ധര്‍മജന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ധര്‍മജന്‍ ഒരു തോല്‍വിയാണ് എന്നുമാണ് ഗിരീഷ് പറഞ്ഞത്.
എല്ലാവരും മണ്ഡലത്തില്‍ രാവിലെ പ്രചാരണത്തിനിറങ്ങുമ്പോള്‍ ധര്‍മജന്‍ പത്ത് മണിയ്ക്ക് ശേഷമാണ് എത്തുന്നതെന്നും തിരഞ്ഞെടുപ്പ് സമയം, പാര്‍ട്ടി നിയോഗിച്ച കോളനി സന്ദര്‍ശനത്തില്‍ ഒരു ദിവസം പോലും ധര്‍മജന്‍ പങ്കെടുത്തിരുന്നില്ലെന്നും സന്ധ്യ കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥി എവിടെയാണെന്ന് ആര്‍ക്കും തന്നെ അറിയില്ലെന്നും തങ്ങളാരും കണ്ടിട്ടില്ലെന്നും ഗിരീഷ് പറഞ്ഞിരുന്നു.