പൃഥ്വിരാജ് സിനിമ മാത്രം നോക്കിയാല്‍ മതി’ ഇംഗ്ലീഷ് പറഞ്ഞ് വായടപ്പിക്കാമെന്ന് കരുതേണ്ട,ലക്ഷദ്വീപ് വിഷയത്തില്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം
കൊച്ചി:ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദ്വീപിനു വേണ്ടി നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിലൂടെ ശബ്ദമുയര്‍ത്തി രംഗത്തുവന്നിരുന്നു. നിമിഷനേരംകൊണ്ടായിരുന്നു പൃഥ്വിയുടെ പോസ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തത്.
എന്നാല്‍, ഇപ്പോള്‍ പോസ്റ്റിനെതിരെ സൈബറിടത്തില്‍ പ്രതിഷേധം കടുക്കുകയാണ് . പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളില്‍ ലക്ഷദ്വീപിനെതിരെ നിരവധി വ്യാജ വിദ്വേഷ ആരോപണങ്ങളും ഇവര്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
‘സൗത്തിന്ത്യയിലെ ഇംഗ്ലിഷ് വാദകനായ പൃഥ്വിരാജ് സിനിമ മാത്രം നോക്കിയാല്‍ മതി, അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ട” എന്നാണ് പൃഥ്വിരാജിനെതിയുള്ള ഒരു കമെന്റ് . മറ്റ് കാര്യങ്ങളിലൊന്നും സംസാരിക്കാത്ത നടന്‍ ഇപ്പോള്‍ മാത്രം സംസാരിച്ചത് മറ്റു ഉദ്ദേശങ്ങളുള്ളതുകൊണ്ടാണെന്നും പറയുന്നവരുണ്ട്.. വാരിയന്‍കുന്നന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ പരാമര്‍ശിച്ചും മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തുകയാണ്.
ലക്ഷദ്വീപ് വഴി പാകിസ്ഥാനും ചൈനയും ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താനും ആക്രമിക്കാനും ശ്രമിക്കുന്നു, ലക്ഷദ്വീപില്‍ ഐ.എസ് തീവ്രവാദികളുണ്ട് എന്നിങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്.
ലക്ഷദ്വീപിനും പൃഥ്വിരാജിനുമെതിരെ ഉയര്‍ന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ വരുന്ന മറുപടികള്‍ക്കും കുറവൊന്നുമില്ല .
ക്രിമിനല്‍ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു നാടിനെതിരെയാണ് തീവ്രവാദമെന്നും അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് ആക്രമണംനടത്താന്‍ പദ്ധതിയെന്നുമെല്ലാം വ്യാജ പ്രചരണം നടത്തുന്നതെന്നും ജനങ്ങള്‍ക്ക് സത്യാവസ്ഥയറിയാമെന്നും പലരും പറയുന്നുണ്ട്.
പൃഥ്വിരാജിനെതിരെയുള്ള ഈ കമന്റുകളുടെ ഒക്കെ കാരണക്കാരനായ അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്…
ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോകുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം, സച്ചിയുടെ അനാര്‍ക്കലിക്ക് വേണ്ടി ഞാന്‍ ലക്ഷദ്വീപിലെത്തി. ഞാന്‍ കാവരതിയില്‍ 2 മാസം ചെലവഴിച്ചു. ഒപ്പം ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള സുഹൃത്തുക്കളെയും ഉണ്ടാക്കി. രണ്ട് വര്‍ഷം മുമ്പ് ഞാന്‍ വീണ്ടും ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സെടുക്കുന്നതിന് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ സ്നേഹമുള്ള ആളുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളില്‍ നിന്ന് എനിക്കറിയാത്തതും അറിയാവുന്നതുമായ ആളുകളില്‍ നിന്ന് നിരാശാജനകമായ സന്ദേശങ്ങള്‍ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്തുകൊണ്ട് ദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ ”പരിഷ്‌കാരങ്ങള്‍” തികച്ചും വിചിത്രമാണെന്നതിനെ കുറിച്ച് ഞാന്‍ ലേഖനമൊന്നും എഴുതാന്‍ പോകുന്നില്ല. അതേകുറിച്ച് വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ലേഖനങ്ങള്‍ ലഭ്യമാണ്.
എനിക്ക് മനസിലായത് എനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഞാന്‍ ശക്തമായി വിശ്വസിക്കുന്നത്. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു?
നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളില്‍ കൂടുതല്‍ വിശ്വാസമുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍ അവര്‍ അത് ലോകത്തിന്റെയും അവരുടെ ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഞാന്‍ കരുതുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുക.
അതിനാല്‍, ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുകയും ചെയ്യുന്നു.