32.3 C
Kottayam
Monday, April 29, 2024

കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാൻ ഡി.ജി.പിയുടെ ഉത്തരവ്; വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കും

Must read

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസ് എടുത്ത് അന്വേഷിക്കാനാണ് നിര്‍ദേശം. ഏത് യൂണിറ്റ് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡി.ജി.പി. അറിയിച്ചു. അതേസമയം, ചൊവ്വാഴ്ച ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നേക്കും.

മേയറുടെ പേരില്‍ പുറത്തുവന്ന കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് ക്രൈം ബ്രാഞ്ച് ഡി.ജി.പിയ്ക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയാണ് കത്ത് സംബന്ധിച്ച് കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഡി.ജി.പി. ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കത്തുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ച് കത്ത് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് കത്തിന്റെ യഥാര്‍ഥ കോപ്പി കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല അത് എവിടെനിന്ന് ഉത്ഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് ഡി.ജി.പി. നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ വ്യാജരേഖ ചമയ്ക്കലിനുള്ള വകുപ്പ് ചുമത്തിയാകും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുക. ക്രൈം ബ്രാഞ്ചിന്റെ ഏത് യൂണിറ്റ് അന്വേഷിക്കണം എന്നതു സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ചതന്നെയുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week