കണ്ണൂര്‍: ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയവരേക്കൊണ്ട് എത്തമിടീപ്പിച്ച സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് വിശദീകരണം തേടി.നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതുകൊണ്ടാണ് ലഘുശിക്ഷ നല്‍കിയതെന്നാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം.മര്യാദയോടെ കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ അനുസരിയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും വ്യക്തമാക്കി.
കണ്ണൂര്‍ അഴീക്കലിലായിരുന്നു സംഭവം.യതീഷ് ചന്ദ്രയുടെ സംഘത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ആളുകളെ ഏത്തമിടീപ്പിക്കുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത്.
വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്.
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത് . എസ്പിയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.