തിരുവനന്തപുരം: കോൺഗ്രസിന്റെ ഇന്നത്തെ ഡിജിപി ഓഫീസ് മാർച്ചിനെ തുടർന്നുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി നേതാക്കന്മാർക്കെതിരെ കേസെടുത്ത് പൊലീസ്. കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെ മുഖ്യപ്രതിയാക്കിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. സുധാകരന് പുറമേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ശശി തരൂർ എം.പി എന്നിവരടക്കം പാർട്ടിയുടെ പ്രധാനനേതാക്കന്മാരെയെല്ലാം കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ആകെ കണ്ടാലറിയുന്ന 500ഓളം പേർക്കെതിരെയാണ് കേസെടുത്തത്.
പൊലീസിനെ ആക്രമിച്ചതായും ഫ്ളക്‌സുകൾ നശിപ്പിച്ചതും സംഘം ചേർന്ന് സംഘർഷമുണ്ടാക്കിയതുമടക്കം വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തത്.കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസിന്റെയും സി പി എമ്മിന്റെയും ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഡി ജി പി ഓഫീസിലേക്ക് കെ പി സി സി മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചു. ഇതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസുകൾ പ്രയോഗിക്കുകയായിരുന്നു. പൊലീസിന് നേരെ വനിതാ നേതാക്കൾ അടക്കം കല്ലേറ് നടത്തി.
കോൺഗ്രസ് നേതാക്കൾ സംസാരിച്ച വേദിയുടെ പിന്നിലാണ് ടിയർ ഗ്യാസുകൾ വന്നുവീണത്. വിഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ സുധാകരനെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ സ്ഥലത്ത് നിന്ന് പ്രവർത്തകർ മാറ്റി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ മുതിർന്ന നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.