തിരുവനന്തപുരം: ബലാൽസംഗ കേസുൾപ്പടെ നിരവധിക്കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ പതിനൊന്ന് മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ഡിജിപി നോട്ടീസ് നൽകി.
പിരിച്ചുവിടൽ നടപടിയുടെ തുടർച്ചയായാണ് നേരിട്ട് ഹാജരാകാനുള്ള നോട്ടീസ്. പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ദളിത് യുവതിയെ ബലാൽസംഗം ചെയ്ത കേസ് ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആർ സുനു. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി നോട്ടീസ് നൽകിയിരുന്നു. നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
പക്ഷേ ഡിജിപിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 31ന് സുനു മറുപടി നൽകി. ഈ മറുപടിപരിശോധിച്ചാണ് ഡിജിപി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകിയത്.