സംക്രാന്തിയിലെ ഹോട്ടലിലെ ഭക്ഷ്യവിഷ ബാധ;ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സ് മരിച്ചു; നിരവധിപേര്‍ ആശുപത്രിയിൽ

കോട്ടയം : സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷ ബാധ. ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്‌സ് രശ്മി രാജ്‌ (33)മരിച്ചു.തിരുവാര്‍പ്പ് സ്വദേശിനിയാണ്‌.


ഗുരുതരാവസ്ഥയിലായ ഇവരെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു ആദ്യം ഐസിയുവിലും, പിന്നീട് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.എന്നാൽ വൈകിട്ടോടെ മരിച്ചു.ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞ മൂന്നു ദിവസത്തിന് ഇടയിലാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വയറിളക്കവും, ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.

തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു. കോട്ടയത്തെ വിവിധ ആശുപത്രികളിലായി ഇരുപതോളം പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News