ന്യൂഡൽഹി:ആഭ്യന്തര വിമാന സർവീസുകളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാങ്കേതിക പ്രശ്നങ്ങളിൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന് ഡിജിസിഎ. കഴിഞ്ഞ 16 ദിവസത്തിനിടെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിയ വിമാനങ്ങളിൽ സാങ്കേതിക തകരാറുണ്ടായ 15 സംഭവങ്ങൾ ഉണ്ടായെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ പറഞ്ഞു.
രാജ്യത്തെ സിവിൽ ഏവിയേഷൻ സ്‌പേസ് തികച്ചും സുരക്ഷിതമാണെന്നും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും ഇന്ത്യയില്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമീപ ആഴ്ചകളിൽ ഇന്ത്യൻ എയർലൈനുകൾ നേരിട്ട സാങ്കേതിക തകരാറുകളുടെയും സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചതിന്‍റെയും പശ്ചാത്തലത്തിലും ഉയരുന്ന റിപ്പോര്‍ട്ടുകളില്‍ യാതൊരു ആശങ്കപ്പെടേണ്ട കാര്യവുമില്ലെന്ന് അരുണ്‍ കുമാർ പറയുന്നു.
“ഇപ്പോള്‍ സംഭവിച്ചിട്ടുള്ള പ്രശ്നങ്ങള്‍ എല്ലാ വിമാനക്കമ്പനികൾക്കും എല്ലാത്തരം വിമാനങ്ങള്‍ക്കും സംഭവിക്കുന്നതാണ്. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ, ഇന്ത്യയിലെത്തുന്ന വിദേശ വിമാനങ്ങളില്‍ പോലും 15 സാങ്കേതിക തകരാറുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇവ ഉടന്‍ കണ്ടെത്തുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട് ” പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഡിജിസിഎ മേധാവി അരുൺ കുമാർ പറഞ്ഞു.
എന്നാല്‍ ഏതൊക്കെ വിദേശ വിമാന സര്‍വീസുകളിലാണ് പ്രശ്നം സംഭവിച്ചത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. വിദേശ ഓപ്പറേറ്റർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ നേരിട്ടതിന് സമാനമാണ് ജിസിഡിഎ മേധാവി പറഞ്ഞു.
അടുത്ത കാലത്തായി, ഇന്ത്യൻ വിമാനക്കമ്പനികൾ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട ഒരു ഡസനിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. “അവയിൽ ഭൂരിഭാഗവും (സമീപകാല സാങ്കേതിക തകരാര്‍ സംഭവങ്ങൾ) ട്രബിൾഷൂട്ടിംഗ് പ്രശ്നം, മാറ്റിയ ചില ഘടകങ്ങളുടെ പ്രശ്നം, പുറം പാളിയിലെ വിള്ളൽ, വാൽവിലെ തകരാര്‍, ഉയർന്ന മർദ്ദം, ലാൻഡിംഗ് ഗിയർ അപ്‌ലോക്ക്, ഹൈഡ്രോളിക് അക്യുമുലേറ്റർ തുടങ്ങിയ പ്രശ്നങ്ങളാണ്” – അരുൺ കുമാർ.
സാധ്യമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എയർലൈനുകളുടെ രണ്ട് മാസത്തെ സ്പെഷ്യൽ ഓഡിറ്റ് ജിസിഡിഎ ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറുകൾ ഉണ്ടായതിനാല്‍ സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങളില്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊറോണ കാലത്ത് വലിയ തിരിച്ചടി ലഭിച്ച ആഭ്യന്തര സിവിൽ ഏവിയേഷൻ മേഖല തിരിച്ചുവരവിന്‍റെ പാതയിലാണ്. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രതിദിനം 6,000-ത്തിലധികം വിമാനങ്ങൾ പറക്കുന്നുണ്ടെന്നാണ് കണക്ക്. ഓവർ ഫ്ളൈയിംഗ് വിമാനങ്ങൾ കൂടി കണക്കിലെടുത്താൽ, മൊത്തം 7,000 പറക്കലുകള്‍ നടക്കുന്നുണ്ട്.