ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വക രണ്ടു ടണ്‍ ഭാരമുള്ള വാര്‍പ്പ്. ആയിരം ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാനാവുന്ന വെങ്കലവാര്‍പ്പ് സമര്‍പ്പിച്ചത് പാലക്കാട് സ്വദേശി കൊടല്‍വള്ളിമന പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവുമാണ്.
മാന്നാര്‍ പരുമല തിക്കപ്പുഴ പന്തപ്ലാതെക്കേതില്‍ കാട്ടുമ്പുറത്ത് അനന്തന്‍ ആചാരിയും മകന്‍ അനു അനന്തനും ചേര്‍ന്നാണ് വാര്‍പ്പ് നിര്‍മിച്ചത്. 2000ലധികം കിലോ ഭാരവും 17.5 അടി വ്യാസവും 21.5 അടി ചുറ്റളവുമുണ്ട്.
രണ്ടരമാസത്തില്‍ 40ഓളം തൊഴിലാളികള്‍ ചേര്‍ന്നാണ് വാര്‍പ്പ് നിര്‍മിച്ചത്. വെങ്കലം, പഴഓട്, ചെമ്പ്, വെളുത്തീയം എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ചുറ്റിലും ഗജലക്ഷ്മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാടുകാരന്റെ പേരുമുണ്ട്.