‘ക്യാമ്പ് നടത്തി പരിശീലനം, മൂവായിരം പേര്‍ പങ്കെടുത്തു’; തലശ്ശേരിയിലേത് ബി.ജെ.പി ആസൂത്രണം ചെയ്ത കൊലപാതകമെന്ന് കോടിയേരി

തിരുവനന്തപുരം: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തലേദിവസം തന്നെ ആ പ്രദേശത്തുള്ള രണ്ടുപേരെ വകവരുത്തുമെന്ന് ബിജെപി നേതാവ് പ്രഖ്യാപിച്ചിരുന്നു. പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമം നടത്താനുള്ള പദ്ധതികളാണ് ആര്‍എസ്എസുകാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

നാലുമാസം മുന്‍പാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. കേരളത്തെ ഒരു കലാപ ഭൂമിയാക്കാനാണ് ആര്‍എസ്എസ് ശ്രമം. അതിന്റെ ഭാഗമായി കേരളത്തിന്റെ എല്ലാ ജില്ലകളിലും ആര്‍എസ്എസ് ഒരാഴ്ച നീണ്ടുനിന്ന പരിശീലന പരിപാടി നടത്തി. ഇതില്‍ മൂവായിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. അങ്ങനെ തലശ്ശേരിയില്‍ പങ്കെടുത്ത ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം.

ആര്‍എസ്എസ്-ബിജെപി സംഘം കൊലക്കത്തി താഴെയിടാന്‍ തയ്യാറല്ല എന്നാണ് മനസ്സിലാക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ പെട്ടുപോകാതെ ബഹുജനങ്ങളെ സംഘടിപ്പിച്ച് കൊലപാതകികളെ ഒറ്റപ്പെടുത്തണം. ഇത്തരത്തില്‍ സംഭവങ്ങള്‍ നടത്തി സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആര്‍എസ്എസ് കരുതേണ്ട എന്നും കോടിയേരി പറഞ്ഞു.

കൊരമ്പില്‍ താഴെ കുനിയില്‍ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസിന്റെ വീടിന് തൊട്ട് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഹരിദാസിനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസിനു നേരെ ആക്രമണമുണ്ടായത്. തലശ്ശേരി നഗരസഭ ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും.

അതേസമയം തലശ്ശേരി സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് മുന്നേ, ബിജെപി നേതാവ് പ്രകോപനപരമായി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു. ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസംഗം. ബിജെപി കൗണ്‍സിലര്‍ വിജേഷാണ് പ്രതിഷേധ പരിപാടിക്കിടെ പ്രകോപന പ്രസംഗം നടത്തിയത്. ‘വളരെ ആസൂത്രിതമായി കോലോത്ത് ക്ഷേത്രത്തില്‍വച്ച് സിപിഎമ്മിന്റെ കൊടും ക്രിമിനലുകളായിട്ടുള്ള രണ്ടു പേര്‍ നേതൃത്വം നല്‍കിക്കൊണ്ട് നമ്മുടെ സഹപ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിച്ച സംഭവം വളരെ വൈകാരികമായിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്.

നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവര്‍ക്കുമുണ്ട്.അതെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സിപിഎം നേതാക്കള്‍ക്ക് മനസ്സിലാകം. പക്ഷെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ടു പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പോകേണ്ടതില്ല, ജനങ്ങളുടെ മുന്നില്‍ ഇത് തുറന്നു കാട്ടുന്നതിനാണ് ഈ പ്രതിഷേധ പ്രകടനം നടത്തുന്നത്.’ ബിജെപി നേതാവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News