തിരുവനന്തപുരം: അയ്യപ്പസംഗമത്തിൽ ജനപങ്കാളിത്തം കുറവാണെന്ന വിമർശനത്തിന് മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. എല്ലാ സെഷനുകളിലും ഒരുപോലെ പങ്കാളിത്തം ഉണ്ടാകണമെന്നില്ലെന്നും ആളുകളെ നിറയ്ക്കലായിരുന്നില്ല പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രതലത്തിൽ ദേവസ്വം ബോർഡ് വരുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു കോൺക്ലേവിൽ ഉദ്ഘാടന പരിപാടിയുടെ പ്രൗഢിയോട് കൂടി ബാക്കിയുള്ള സെഷനുകൾ നടക്കണമെന്നില്ല. അക്കാഡമിക് സെഷനുകളിൽ അതിനോട് താത്പര്യം ഉള്ളവരേ കാണൂ. ഒരേസമയത്ത് മൂന്ന് വേദികളിലായിരുന്നു സെഷൻ. ഉദ്ഘാടനം നടന്ന വേദിയിൽ മാസ്റ്റർ പ്ലാനിൻ്റെ ചർച്ച നടന്നപ്പോൾ 500-ലധികം ആളുകൾ ഉണ്ടായിരുന്നു. ഉച്ചയായതിനാൽ ആളുകൾ സ്പ്ലിറ്റ് ആയിപ്പോയി.
ഉദ്ഘാടന സമ്മേളനവേദിപോലെ നിറഞ്ഞ രീതിയിൽ ആളുകൾ ഇല്ലായിരുന്നു എന്നത് പരമാർഥമാണ്. ആളുകളെ നിറയ്ക്കുക എന്നതല്ലല്ലോ ലക്ഷ്യം. പെരുന്നാട് പഞ്ചായത്ത് ഭരിക്കുന്നത് കേരളം ഭരിക്കുന്ന പാർട്ടിയല്ലേ. ആളെ നിറയ്ക്കണമെങ്കിൽ അവിടുത്തെ രണ്ട് വാർഡിലെ ആളുകൾ മതിയായിരുന്നല്ലോ’
ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോടും പ്രശാന്ത് പ്രതികരിച്ചു. ‘സുരേഷ് ഗോപി പറഞ്ഞത് അപകടകരമായ പ്രസ്താവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1242 ക്ഷേത്രങ്ങളുണ്ട്. അതിൽ അൻപതിൽ താഴെ ക്ഷേത്രങ്ങൾ മാത്രമാണ് സ്വയംപര്യാപ്തമായുള്ളത്. 40,000 കുടുംബങ്ങൾ സാമ്പത്തിക സുരക്ഷിതത്വ ബോധത്തോടെ കഴിഞ്ഞുപോകുന്നൊരു ആത്മീയ സ്ഥാപനമാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനോടൊപ്പം തന്നെ മറ്റ് ക്ഷേത്രങ്ങളും പൂട്ടിക്കുക എന്നതല്ലേ അദ്ദേഹത്തിൻ്റെ പ്രസ്താവനയുടെ ലക്ഷ്യം’, പിഎസ് പ്രശാന്ത് ചോദിച്ചു.


