KeralaNews

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ നിലവിളക്കുകള്‍ വില്‍ക്കുന്നു,സാമ്പത്തി പ്രതിസന്ധി മറികടക്കാന്‍ അറ്റകൈപ്രയോഗം

തിരുവനന്തപുരം :കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ നിലവിളക്കുകള്‍ വില്‍ക്കാനൊരുങ്ങുന്നു. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ടണ്‍ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാനാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോര്‍ഡിന് തലവേദനയാണ്.

ബോര്‍ഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളില്‍നിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളില്‍ സംഭരിച്ചശേഷം ബോര്‍ഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍.

ക്ഷേത്രങ്ങളില്‍ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകള്‍ക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഭക്തര്‍ സമര്‍പ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളില്‍നിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികള്‍ക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

2012-ല്‍ ഇത്തരത്തിലൊരു ശേഖരണത്തിന് ബോര്‍ഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളില്‍ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികള്‍ എതിര്‍ത്തതോടെ അന്ന് നടപടികളില്‍നിന്ന് ബോര്‍ഡ് പിന്മാറുകയായിരുന്നു.

അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് എല്ലാ മാര്‍ഗങ്ങളും തേടുകയാണ്. ഉപയോഗിക്കാത്ത വിളക്കുകളും മറ്റും എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്. ഇത് അന്യാധീനപ്പെട്ട് പോകാതെ ദേവസ്വത്തിന് മുതല്‍ക്കൂട്ടാക്കുകയാണ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button