27.8 C
Kottayam
Wednesday, May 29, 2024

കാണാതായി ഒരു മണിക്കൂറിനകം തന്നെ ദേവനന്ദയുടെ മരണം സംഭവിച്ചു; മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നു

Must read

കൊല്ലം: ഇളവൂരില്‍ നിന്ന് കാണാതായി ഒരു മണിക്കൂറിനകം ആറുവയസുകാരി ദേവനന്ദയുടെ മരണം സംഭവിച്ചു കഴിഞ്ഞെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം. ഉച്ചയ്ക്കു മുമ്പു തന്നെ മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാരുടെ നിഗമനം. മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ദേവനന്ദയെ കാണാതായത്.

കുട്ടി മുങ്ങിമരിച്ചതാണെന്നും ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്നും കുട്ടിയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചതായാണ് സൂചന. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ കൂടി ഫലം ലഭിച്ചശേഷമാകും അന്തിമ റിപ്പോര്‍ട്ട് പോലീസിന് നല്‍കുക.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത കണ്ടെത്താവുന്ന ഒന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ലെന്നാണ് വിവരം. ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു.

ശരീരത്തില്‍ ബാഹ്യമായ പരിക്കുകള്‍ ഇല്ല. മൃതദേഹത്തില്‍ വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ ഏഴേമുക്കാലോടെയാണ് ഇത്തിരക്കരയാറ്റില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ഭാഗത്തുനിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്.

കോസ്റ്റല്‍ പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോളും ആറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ഇന്നലെയാണ് ദേവനന്ദയെ കാണാതായത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. ഇന്നലെ രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.

അമ്മ ധന്യ തുണികഴുകാന്‍ പോകുമ്പോള്‍ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാന്‍ പറഞ്ഞു. ദേവനന്ദ അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാന്‍ പോയത്. എന്നാല്‍ തിരികെ വന്നപ്പോള്‍ ദേവനന്ദയെ കണ്ടില്ല.

കുട്ടിയെ കാണാതായ സംഭവം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി തിരച്ചിലും നടത്തി. കുട്ടിയെ കാണാതായി പരാതി ലഭിച്ച ഉടന്‍ പോലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. സമീപത്തുള്ള പള്ളിമണ്‍ ആറ്റിലും മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തി. വൈകിട്ട് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിവരെ നീണ്ട തിരച്ചിലിനു ശേഷം ഇന്ന് രാവിലെ സമീപത്തെ ആറ്റില്‍ തിരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week