കൊല്ലം:കാണാതായപ്പോള്‍ മുതല്‍ ആകാംഷയുടെ നിമിഷങ്ങള്‍. ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് പങ്കിട്ടു കൈമാറിയ വിവരങ്ങള്‍.താരങ്ങളും ചുമട്ടുകാരും വീട്ടമ്മമാരും ഒരേ മനസായി പ്രാര്‍ത്ഥിച്ചത് അവളുടെ മടങ്ങിവരവിനായിരുന്നു.കണ്ണു ചിമ്മാതെ നാട്ടുകാര്‍ ഇടവഴികള്‍ അരിച്ചുപെറുക്കി.ഇരു ചക്രവാഹനങ്ങളില്‍ ദേവനന്ദയ്ക്കായി ചുറ്റിക്കറങ്ങിയ ചെറുപ്പക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു പരിശോധിച്ചു.ആയിരക്കണക്കിന് ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ച് പോലീസുദ്യോഗസ്ഥര്‍.ഒരു ദിനം കൊണ്ട് ഒരായുസിന്റെ സ്‌നേഹം ഏറ്റുവാങ്ങിയ മാലാഖക്കുഞ്ഞ്് ഒടുവില്‍ ഓര്‍മ്മയായി.
ദേവനന്ദയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അമ്മമാര്‍ ഇളവളൂരിലെ വീട്ടില്‍ വെള്ളപുതച്ചുകിടന്ന കുഞ്ഞു ശരീരത്തിനടുത്തെത്തി പൊട്ടിക്കരഞ്ഞു.ടെലിവഷന്‍ സ്‌ക്രീനുകള്‍ക്കുമുന്നില്‍ വിതുമ്പിക്കരഞ്ഞ നൂറ് കണക്കിന് മനുഷ്യരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കണ്ണീരോര്‍മയായി ദേവനന്ദ. കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കുടവട്ടൂരിലെ കുടുംബ വീട്ടില്‍ വച്ച് സംസ്‌കരിച്ചു. പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ആറരയോടെയാണ് സംസ്‌കാര ചടങ്ങുകളിലേക്ക് കടന്നത്.
നൂറ് കണക്കിന് ആളുകളാണ് ദേവനന്ദയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്‌കൂളിലും വീട്ടിലുമായി എത്തിയത്. ആറ്റില്‍ വീണ് മുങ്ങിമരിച്ചതാണെന്നാണു പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. ഇന്നലെ പത്തുമണിയോടെയാണ് ദേവനന്ദയെ കാണാതാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചിരിക്കാമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം. മൃതദേഹം അഴുകാനും തുടങ്ങിയിരുന്നു.
കാല്‍ വഴുതി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നാണു നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടുത്ത ദിവസം പൊലീസിനു കൈമാറും. കുട്ടിയെ പരിചയക്കാരാരെങ്കിലും പുഴയരികിലേക്ക് കൂട്ടികൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.