33.4 C
Kottayam
Tuesday, May 7, 2024

അലറിക്കരഞ്ഞ് പെറ്റമ്മ,കണ്ണീര്‍ തോരാതെ അഛന്‍,റോസാ പുഷ്പങ്ങളുമായി കൂട്ടുകാരും,കേരളം കരഞ്ഞ ദിവസം

Must read

കൊല്ലം:ഏത് കഠിന ഹൃദയരുടെയും കരള്‍ പിളര്‍ക്കുന്നതായിരുന്നു ആ കാഴ്ച.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി അമ്മയുടെ കുഞ്ഞു ദേവതയെ വീട്ടിലേക്കെത്തിച്ചു.

‘എന്റെ പൊന്നേ’, എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. ബന്ധുക്കളെല്ലാവരും ചേര്‍ന്ന് അവരെ പിടിച്ച് നീക്കി. ‘ഒന്ന് തൊട്ടോട്ടെ’, അമ്മ ധന്യയുടെ ചോദ്യം കേട്ട് തടിച്ചുകൂടിയവരെല്ലാം പൊട്ടിക്കരഞ്ഞു.അമ്മയുടെ ചൂടുപറ്റുക്കിടന്ന കുഞ്ഞിനടുത്തുനിന്നും ഒടുവില്‍ ധന്യയെ ബലം പ്രയോഗിച്ച് തിരികെ കൊണ്ടുപോകേണ്ടി വന്നു. തന്റെ കുഞ്ഞുപ്രാണനെ അവസാനമായി ഒന്ന് തൊടാന്‍ പോലുമാകാതെ ആ അമ്മ കുഴഞ്ഞുവീണു.

രണ്ട് ദിവസം ആറ്റില്‍ കിടന്നിരുന്ന കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടമടക്കം നടത്തിയതിനാല്‍, കുഞ്ഞിനടുത്തേക്ക് പോകാന്‍ ആരെയും അനുവദിച്ചിരുന്നില്ല. അതേസമയം ആകെ തകര്‍ന്ന നിലയിലായിരുന്നു അച്ഛന്‍ പ്രദീപിന്റെ അവസ്ഥ. പൊന്നുമോളെ കാണാനില്ലെന്നറിഞ്ഞാണ് വെള്ളിയാഴ്ച രാവിലെ പ്രദീപ് നാട്ടിലെത്തിയത്. എന്നാല്‍ കണ്ടതോ ചേതനയറ്റ ശരീരം. ആറുമാസം മുമ്പ് പ്രദീപ് വിദേശത്തേക്ക് പോയത് മകന്‍ ജനിച്ചതിന്റെ സന്തോഷത്തില്‍ ആയിരുന്നു . എന്നാല്‍ ഇത്ര പെട്ടെന്ന് ഒരു ദുരന്ത വാര്‍ത്ത കേട്ട് നാട്ടില്‍ തിരിച്ചെത്തേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല

ഏഴുവയസുകാരിയായ ദേവനന്ദയുടെ മരണത്തില്‍ വിറങ്ങലിച്ചിരിക്കയാണ് ബന്ധുക്കളും നാട്ടുകാരും . ആറു മാസം മുന്‍പ് മസ്‌ക്കറ്റിലേക്ക് പോകുമ്പോള്‍ മകള്‍ക്ക് ഒരു കളിക്കൂട്ടുകാരനെ കിട്ടിയതിന്റെ സന്തോഷമായിരുന്നു. പ്രസവത്തിനായാണ് ധന്യയെ ഇളവൂരിലെ കുടുംബ വീട്ടിലാക്കിയത്. പ്രദീപ് നാട്ടിലെത്തിയ ശേഷം തിരികെ ഓടനാവട്ടത്തെ ഭര്‍ത്തൃവീട്ടിലേക്ക് മാറ്റാമെന്നായിരുന്നു ധാരണ.ധന്യയുടെ അമ്മയും അച്ഛനുമൊക്കെയുള്ള കുടുംബ വീടായതിനാല്‍ കുട്ടികളുടെ കാര്യത്തിലും കരുതലുണ്ടാകുമെന്ന് കരുതിയാണ് ഇവിടെ ആക്കിയത്.

എന്നാല്‍ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ആറ്റില്‍ വീണുമരിച്ചതോടെ കുടുംബത്തിന്റെ സന്തോഷം മുഴുവന്‍ കെട്ടടങ്ങിയിരിക്കയാണ്. നെഞ്ചത്ത് ഒരു ബാഡ്ജ് കുത്തി ആ കുഞ്ഞുങ്ങളെത്തി. ദേവാനന്ദയുടെ കൂട്ടുകാരികള്‍. നിരനിരയായി ആ കൂട്ടുകാരിയുടെ വീട്ടിലേക്ക് നടന്ന് കയറി. കയ്യിലൊരു പിടി റോസാപ്പൂക്കളുണ്ടായിരുന്നു. വിതുമ്പിക്കരയുകയായിരുന്നു ഓരോരുത്തരും. കുഞ്ഞു ദേവനന്ദയെ എന്നും കാണുമായിരുന്ന സ്‌കൂളിലെ ചേച്ചിമാരും ചേട്ടന്‍മാരും പൊട്ടിക്കരഞ്ഞു കൊണ്ട് അടുത്തുകൂടി നടന്നു നീങ്ങി.അമ്മമാര്‍ വിതുമ്പലടക്കാനാവാതെ പൊട്ടിക്കരഞ്ഞു.

ഒരു നാട് മുഴുവന്‍ കണ്ണ് നിറഞ്ഞ് വിതുമ്പിയ നേരം. കുഞ്ഞിന്റെ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദര്‍ശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. വ്യാഴാഴ്ച രാവിലെ 10മണിയോടെയാണ് ദേവനന്ദയെ കാണാതാവുന്നത്. അമ്മ ധന്യ തുണി അലക്കാനായി പുറത്തുപോയപ്പോള്‍ കുട്ടി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മകനെ തൊട്ടിലില്‍ കിടത്തി ഉറക്കിയതിനുശേഷമാണ് ധന്യ തുണി അലക്കാനായി ചെന്നത്.

ഇതിനിടെ ദേവനന്ദ അമ്മയുടെ അരികില്‍ ചെന്നിരുന്നു. എന്നാല്‍ കുഞ്ഞ് തനിച്ചാണെന്ന് പറഞ്ഞ് ധന്യ മകളെ അകത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞ് ധന്യ അകത്തെത്തി മകളെ അന്വേഷിച്ചെങ്കിലും അവിടെ എങ്ങും കാണാനുണ്ടായിരുന്നില്ല. തുടര്‍ന്നാണ് നാട്ടുകാരും ബന്ധുക്കളും പൊലീസും അന്വേഷണത്തിനിറങ്ങുന്നത്. 20മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം അടുത്തുള്ള ആറ്റില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week