ആലപ്പുഴ:കടപ്പുറം വനിതാ– ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി റിപ്പോർട്ട് തേടി. അതോറിറ്റി സബ് ജഡ്‌ജും സെക്രട്ടറിയുമായ പ്രമോദ് മുരളിയാണ് ആലപ്പുഴ കടപ്പുറം വനിതാ– ശിശു ആശുപത്രി സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടിയത്.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തി പറഞ്ഞു. ലാപ്രോസ്കോപിക് ശസ്ത്രക്രിയയിൽ സങ്കീർണതകളില്ല. രാവിലെ ശസ്ത്രക്രിയ കഴിഞ്ഞാൽ വൈകിട്ട് രോഗികളെ ഡിസ്ചാർജ് ചെയ്യുകയാണ് പതിവ്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും വിശദീകരണം നൽകിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാ ശരത്താണ് (31) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ട് ആറരയോടെ മരിച്ചത്. ആലപ്പുഴ കണിയാകുളം ജംക്‌ഷനിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായ ആശയെ വെള്ളിയാഴ്ച രാവിലെ 9.45നാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം തിയറ്ററിനുള്ളിൽ വച്ചു തന്നെ യുവതിക്ക് അസ്വസ്ഥത ഉണ്ടായി.
യുവതിയുടെ അവസ്ഥ മോശമാണെന്നു മെഡിക്കൽ സംഘം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് യുവതിയെ മെഡിക്കൽ ടീമിനൊപ്പം ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ കഴിയവേ ഹൃദയാഘാതം സംഭവിച്ചു. തുടർന്ന് വൈകിട്ടോടെ മരിച്ചു. കടപ്പുറം വനിതാ– ശിശു ആശുപത്രിയിലെ ചികിത്സപ്പിഴവാണ് യുവതി മരിക്കാൻ കാരണമെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആലപ്പുഴ സൗത്ത് സ്റ്റേഷനിലും ആരോഗ്യമന്ത്രിക്കും പരാതി നൽകി.