പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടബലിയിൽ നിര്ണായക നീക്കവുമായി പൊലീസ്. ഇരട്ടബലി നടന്ന വീട്ടിൽ നാളെ വിശദമായ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു. വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്.
വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിൻ്റെ തീരുമാനം. റ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്ക്കാൻ പൊലീസ് തീരുമാനിച്ചത്.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര് പറയുന്നില്ലെങ്കിലും ഇവര് എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും നാളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പും നാളെ നടക്കും.
ഷാഫിയുടെ സാന്പത്തിക ഇടപാടുകളുടെ രേഖകൾ ഇന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ അഭരണങ്ങൾ പണയപ്പെടുത്തിയതിന്റെ അടക്കം രേഖകളാണ് കിട്ടിയത്. ഷാഫിയുടെ കൊച്ചിയിലെ വീട്ടിലും ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.
പൊലീസ് കസ്റ്റഡിയിലുളള ഷാഫിയേയും ഭഗവത് സിംഗിനേയും ലൈലയേയും ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ തെളിവ് ശേഖരണം. ഇക്കഴിഞ്ഞ സെപ്റ്റംബർ 26 ന് തമിഴ്നാട് സ്വദേശിനിയായ പദ്മയെ കൊലപ്പെടുത്തിയശേഷം ഇവരുടെ നാലര പവൻ ആഭരണങ്ങൾ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തിൽ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ഭാര്യയെ ചോദ്യം ചെയ്തു.
ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ആഭണങ്ങൾ പണയപ്പെടുത്തിയത്. ഇതിൽ നാൽപതിനായിരം രൂപ വിവിധ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഭാര്യയെ ഏൽപിച്ചു. വാഹന ഇടപാടിൽ കിട്ടിയ പണമാണെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. ഇതുകൂടാതെ മറ്റ് ചില സ്വർണാഭരണങ്ങളും പണയം വെച്ചതിന്റെ രേഖകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് ആരുടെ ആഭരണങ്ങളാണ് എന്നത് സംബന്ധിച്ചാണ് അന്വേഷണം തുടരുന്നത്.
കൃത്യത്തിനായി ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരിൽ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയിൽ കിട്ടിയിട്ടുണ്ട്. എന്നാൽ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല. അടുത്ത ഒരു ബന്ധുവിന്റെ പേരിലെന്നാണ് മൊഴി . ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്. ഇതിനിടെ ഷാഫിയുടെ കൊച്ചി നഗരത്തിലെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി
ചോദ്യം ചെയ്യലിന്റെ പുരോഗതി അനുസരിച്ചാവും തെളിവെടുപ്പെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിൽ കൂടുതൽ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.