വിവാഹ വാഗ്ദാനം ലംഘിച്ച് മറ്റൊരു വിവാഹം കഴിക്കുന്നത് വഞ്ചനാക്കുറ്റമല്ല; കാമുകന്‍ വഞ്ചിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയോട് ഹൈക്കോടതി

ബംഗളൂരു: വിവാഹ വാഗ്ദാനം ലംഘിക്കുന്നതിനെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ലെന്ന നിര്‍ണായക നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. എട്ടു വര്‍ഷം താനുമായി പ്രണയത്തില്‍ ആയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെതിരെ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

യുവാവിനും കുടുംബത്തിനുമെതിരെ 2020 മെയിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഈ സംഭവത്തില്‍ യുവാവിനെതിരെ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് നടപടിയെ ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. യുവാവിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി.

യുവാവ് വിവാഹ വാഗ്ദാനം ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം വഞ്ചനയായി കാണാനാവില്ല. അതുകൊണ്ടുതന്നെ ഐപിസി 420 പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ല. വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കൂ. ഈ കേസില്‍ അതു കാണുന്നില്ലെന്ന് കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News