കോട്ടയം:മോഹൻ ലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ, മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നും മലയാളത്തിലെ കൊമേഴ്സ്യൽ സിനിമയുടെ ചരിത്രത്തിലെതന്നെ എണ്ണം പറഞ്ഞ ഹിറ്റുമായ ന്യൂഡൽഹി, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റുകൾ പിറന്നത് ഡെന്നീസ് ജോസഫിൻ്റെ തൂലികയിൽ നിന്നാണ്.മനു അങ്കിളും അഥർവവും അടക്കം അഞ്ചു സിനിമകൾ സംവിധാനം ചെയ്തു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നീസ് ജോസഫ് ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകരൊത്ത് നിരവധി സിനിമകളിൽ പങ്കാളിയായി.1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.
മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.
മാതൃഭൂമി വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു.
അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം.ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ.
ഇന്ന് വൈകിട്ട് വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനേത്തുടർന്നാണ് മരണം. കുളിമുറിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.