കൊച്ചി:സിനിമയെന്ന വെള്ളി വെളിച്ചത്തിലെ മിന്നും താരങ്ങൾ.ലോക സിനിമയോളം വളർന്ന അഭിമാന നക്ഷത്രങ്ങൾ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമാ യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒരു അധ്യായമുണ്ട്.മറ്റാരുമല്ല,ഒരു കാലത്ത് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടമുറപ്പിച്ച് നിറഞ്ഞ് നിന്ന വമ്പൻ ഹിറ്റുകളുടെ അമരക്കാരൻ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ്.
ഡെന്നീസ് ജോസഫ് പേനയെടുത്തപ്പോഴെല്ലാം പിറന്നത് സൂപ്പർ ഹിറ്റുകളായിരുന്നു. കോട്ടയം കുഞ്ഞച്ചൻ, രാജാവിന്റെ മകൻ, നിറക്കൂട്ട്, മനു അങ്കിൾ, അഥർവം, ന്യൂഡൽഹി, നമ്പർ 20 മാദ്രാസ് മെയിൽ തുടങ്ങി ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ടെലിവിഷൻ ചാനലുകളിൽ വരുമ്പോൾ ആവർത്തന വിരസത ഒട്ടും അനുഭവപ്പെടാതെ കുത്തിയിരുന്നു കാണാൻ സാധിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങളുടെ ശിൽപ്പിയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താരമ്യൂല്യം ഉയരാൻ ഡെന്നീസ് ജോസഫ് നിമിത്തമായിട്ടുണ്ടെന്ന് പ്രേക്ഷകരും സിനിമാപ്രവർത്തകരും പറയുമ്പോൾ ഒരാൾ മാത്രം അത് നിഷേധിക്കുന്നു. അത് മറ്റാരുമല്ല സാക്ഷാൽ ഡെന്നീസ് ജോസഫ് തന്നെ.. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താരമ്യൂല്യത്തിൽ തനിക്ക് പങ്കോ ഓഹരിയോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് നിസ്സംശയം നിസ്സംശയം പറഞ്ഞിരുന്നു അദ്ദേഹം
ഡെന്നീസ് ജോസഫ് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ:
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വളർച്ചയ്ക്ക് നിമിത്തമായൊരു തിരക്കഥാകൃത്താണ് ഞാനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. 1985ൽ നിറക്കൂട്ട് എന്ന സിനിമയുമായി ഞാൻ വരുമ്പോഴേക്കും മമ്മൂട്ടി മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനായി മാറിയിരുന്നു. മോഹൻലാൽ അന്ന് മമ്മൂട്ടിയ്ക്ക് തൊട്ടുപിന്നിൽ തന്നെ ഉണ്ടായിരുന്നു. അന്നവർക്ക് സൂപ്പർതാരങ്ങൾ എന്ന വിശേഷണമൊന്നും മാധ്യമങ്ങൾ നൽകിയിരുന്നില്ല. എന്നിരുന്നാലും പ്രേക്ഷകരിൽ അവർ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു.
മമ്മൂട്ടിയും മോഹൻലാലും ഒരു വർഷം തന്നെ പത്തിരുപത് സിനിമകൾ ചെയ്യുന്ന കാലമായിരുന്നു അത്. നിറക്കൂട്ടിന് മുൻപ് തന്നെ മമ്മൂട്ടിയുടെ ഒരുപാട് ചിത്രങ്ങൾ സൂപ്പർഹിറ്റായി ഓടിയിട്ടുണ്ട്. മോഹൻലാലിന്റെ ആട്ടക്കലാശം, പത്താമുദയം എന്നീ ചിത്രങ്ങളും മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിലെത്തിയ സിനിമകളും വലിയ വിജയം നേടിയിരുന്നു. നടൻമാരെന്ന നിലയിൽ അവരുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ എന്റെ ചില സിനിമകളിലും ഭാഗമായി അവ സൂപ്പർഹിറ്റുകളായി. അത് തികച്ചും സ്വാഭാവികമായ ഒരു കാര്യമായിരുന്നു. അവരുടെ താരമ്യൂല്യത്തിൽ എനിക്ക് പങ്കോ ഓഹരിയോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ സത്യസന്ധമായ അഭിപ്രായമാണിത്.
നിറക്കൂട്ട് എന്ന സിനിമയിൽ ഞാൻ തിരക്കഥാകൃത്തായി വരാൻ കാരണം പ്രധാനമായും മമ്മൂട്ടിയാണ്. മമ്മൂട്ടി നായകനായ ഈറൻ സന്ധ്യ എന്ന സിനിമയിലാണ് ഞാൻ ആദ്യം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ജേസിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ ഈ സിനിമയുടെ അവസാനഘട്ടത്തിൽ സംവിധായകൻ തിരക്കഥ തിരസ്കരിക്കുകയും പിന്നീട് അത് ജോൺ പോൾ വന്ന് എഴുതുകയും ചെയ്തു. അങ്ങനെ കൊള്ളാത്ത പുതുമുഖം എന്ന രീതിയിൽ ഞാൻ തഴയപ്പെട്ടപ്പോൾ, അങ്ങനെ അല്ല അവന്റെ കയ്യിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞ് നിർമാതാവ് ജോയ് തോമസിനെയും സംവിധായകൻ ജോഷിയെയും എന്റെ അടുത്തേക്ക് അയച്ചത് മമ്മൂട്ടിയായിരുന്നു. ഞാൻ തിരക്കഥാകൃത്തായി മാറിയതിൽ മമ്മൂട്ടിയുടെ പങ്ക് എനിക്ക് മറക്കാൻ പറ്റുന്നതല്ല. മമ്മൂട്ടി അന്ന് അങ്ങനെ ഒരു വാക്ക് പറഞ്ഞില്ലായിരുന്നുവെങ്കിൽ അവർ എന്റെയടുത്ത് വരില്ലായിരുന്നു.
1985 ലെ കാലഘട്ടത്തിലെ ജയിൽപുള്ളി സങ്കൽപ്പം മൊട്ടയടിച്ചായിരുന്നു. അതുകൊണ്ടു തന്നെയാണ് നിറക്കൂട്ടിൽ മമ്മൂട്ടിയുടെ തല മൊട്ടയടിച്ച് അവതരിപ്പിച്ചത്. ഞാനെന്ന് ചെറിയ തിരക്കഥാകൃത്താണ് മമ്മൂട്ടിയോട് മൊട്ടയടിക്കണം എന്ന് പോയി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. എന്നാൽ തിരക്കഥയിൽ ഞാൻ അങ്ങനെ എഴുതിവയ്ക്കുകയും ചെയ്തു. ജോഷിയും ജോയ് തോമസും മമ്മൂട്ടിയോട് അത് പറഞ്ഞപ്പോൾ അദ്ദേഹത്തിനും പൂർണ സമ്മതം. അതേ സമയത്ത് തന്നെ മമ്മൂട്ടി ജയിൽ പുള്ളിയായി അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ബാലു മഹേന്ദ്രയുടെ യാത്ര എന്ന സിനിമയായിരുന്നു അത്. യാത്രയിൽ മൊട്ടയടിക്കുന്ന സീൻ രംഗം പോലും ഉൾപ്പെടുത്തിയിരുന്നു. ആ രംഗം പിന്നീട് എഴുതി ചേർത്തയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. യാത്രയാണ് മമ്മൂട്ടി ആദ്യം ചെയ്യുന്ന ചിത്രം. അതിന്റെ തുടർച്ചയായി നിറക്കൂട്ടിലും മമ്മൂട്ടി മൊട്ടയടിച്ച് അഭിനയിച്ചു.
രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിൻസന്റ് ഗോമസ് എന്ന കഥാപാത്രം സത്യത്തിൽ മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതായിരുന്നു. യഥാർഥ വ്യക്തികളും സംഭവങ്ങളും കെട്ടുകഥകഥകളുമെല്ലാം ആ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. എന്നാൽ സിനിമയ്ക്കായി മമ്മൂട്ടിയെ സമീപിച്ചപ്പോൾ എന്തുകൊണ്ടോ അദ്ദേഹം തമ്പി കണ്ണന്താനത്തിന് ഡേറ്റ് കൊടുത്തില്ല. അങ്ങനെയാണ് തമ്പി കണ്ണന്താനം മോഹൻലാലിനെ വച്ച് രാജാവിന്റെ മകൻ ഒരുക്കുന്നത്.
എന്റെ സിനിമകളിൽ ഗസ്റ്റ് റോളുകളിൽ ഒന്നിലധികം താരങ്ങൾ വന്നത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. മനു അങ്കളിൽ മോഹൻലാലും സുരേഷ് ഗോപിയും വേഷമിട്ടു. നമ്പർ 20 മാദ്രാസ് മെയിലിൽ മമ്മൂട്ടിയും അഭിനയിച്ചു. മനു അങ്കിളിൽ സുരേഷ് ഗോപിയല്ല, ജഗതി ശ്രീകുമാർ ആയിരുന്നു മിന്നൽ പ്രതാപന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത്. ഷൂട്ടിങ് ദിവസം അദ്ദേഹത്തിന് വന്നെത്താൻ സാധിച്ചില്ല. കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസിലായിരുന്നു ക്ലെെമാക്സ് സീനിന്റെ ലൊക്കേഷൻ. അപ്പോഴാണ് സുരേഷ് ഗോപി ആകസ്മികമായി സെറ്റിലെത്തുന്നത്. സുരേഷ് ഗോപിയുടെ വീട് കൊല്ലത്താണ്. അദ്ദേഹം എന്നെയും ജോയിയെയും മറ്റു സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ഊണ് കഴിക്കാൻ വേണ്ടി ക്ഷണിക്കാൻ വന്നതായിരുന്നു. ജഗതിയാണെങ്കിൽ എത്തിയിട്ടില്ല. ഞാൻ സുരേഷ് ഗോപിയോട് ചോദിച്ചും വേറെ വർക്കുകളും മറ്റു തിരക്കുകളും ഇല്ലെങ്കിൽ മിന്നൽ പ്രതാപനെ അവതരിപ്പിക്കാമോ എന്ന്. സുരേഷ് ഗോപി അപ്പോൾ തന്നെ സമ്മതിച്ചു. ജഗതിയ്ക്ക് വേണ്ടി മാറ്റി വച്ച പോലീസ് യൂണിഫോമെടുത്ത് ചെറുതായി ആൾട്ടർ ചെയ്ത് സുരേഷ് ഗോപിയ്ക്ക് നൽകി. സുരേഷ് ഗോപി അവിടെയെത്തി ഒരു പതിനഞ്ച് ഇരുപത് മിനിറ്റുകൾക്കുള്ളിൽ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.
നമ്പർ 20 മാദ്രാസ് മെയിലിൽ മോഹൻലാലിന്റെ കഥാപാത്രവും കൂട്ടരും മദ്രാസിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു സെലിബ്രിറ്റി വന്നു കയറുന്ന രംഗമുണ്ട്. സിനിമ കണ്ടവർക്കറിയാം. മോഹൻലാലാണ് മമ്മൂട്ടിയുടെ പേര് നിർദേശിച്ചത്. അത് മമ്മൂട്ടിയോട് ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ഞാൻ സിനിമയിൽ ഏറ്റവും സജീവമായിരുന്ന കാലത്ത് എനിക്ക് ഏറ്റവും കൺഫർട്ടബിളായിരുന്നത് ജോഷിയായിരുന്നു. മമ്മൂട്ടിയും ജോഷിയും ഞാനും തമ്മിലുള്ള രസതന്ത്രം മികച്ചതായിരുന്നു. എനിക്ക് മികച്ച സിനിമകൾ എഴുതാൻ കഴിഞ്ഞതും ആ സമയത്തായിരുന്നു. തിരക്കഥാകൃത്തായി വന്ന കാലത്തു തന്നെ സംവിധാനത്തോട് മോഹമുണ്ടായിരുന്നു. ഒന്നോ രണ്ടോ സിനിമകൾ കഴിഞ്ഞാൽ എനിക്ക് എഴുത്തിൽ തുടരാൻ കഴിയുമെന്നൊന്നും ഞാൻ കരുതിയില്ല. അതുകൊണ്ടു തന്നെ ജോഷി സംവിധാനം ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഒപ്പം നിന്നുകൊണ്ടു കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു. ന്യൂഡൽഹിക്ക് ശേഷം ജൂബിലിയുടെ അടുത്ത സിനിമയായ മനു അങ്കിൾ തുടർന്ന അഥർവം അപ്പു തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.
മെയിൻ സ്ട്രീം സിനിമകൾ വലിയ തോതിൽ ചെയ്യുമ്പോൾ തന്നെ അതുവിട്ട് മധ്യവർത്തി സിനിമകൾ ചെയ്യാൻ എനിക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ അതിനുള്ള പ്രതിഭ എനിക്കില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നതിനാൽ ഞാൻ അതിന് മുതിർന്നില്ല. വെള്ളിത്തിരയിൽ എത്താതെപോയ ഒരുപാട് സിനിമകളുണ്ട്. അതിൽ സൂപ്പർതാര ചിത്രങ്ങളും ഉണ്ടായിരുന്നു. ഞാൻ ആദ്യമായി സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചത് മനു അങ്കിൾ ആയിരുന്നില്ല, വെൺമേഘ ഹംസങ്ങൾ എന്ന ചിത്രമായിരുന്നു. അത് നടന്നില്ല. മമ്മൂട്ടിയ്ക്കും ലാലിനും വേണ്ടി എഴുതിയ ചില സിനിമകൾ നടക്കാതെ പോയിട്ടുണ്ട്. അതിൽ ചിലത് ഇപ്പോഴും എന്റെ കെെവശം ഇരിക്കുന്നുണ്ട്.
ന്യൂഡൽഹിക്ക് ശേഷം ജൂബിലിക്ക് വേണ്ടി എഴുതി വംശം എന്നൊരു സിനിമയുണ്ടായിരുന്നു. തിരക്കഥ മുഴുവൻ എഴുതി എട്ട് ദിവസത്തോളം ഷൂട്ട് കഴിഞ്ഞ ചിത്രമായിരുന്നു അത്. അപ്രതീക്ഷിതമായി അത് നിന്നുപോയി. അതുപോലെ തമ്പി കണ്ണന്താനത്തിന് വേണ്ടിയെഴുതിയ ഒരു ഭെെരവൻ എന്ന സിനിമ. അതും നടന്നില്ല. മിക്ക സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ജീവിതത്തിൽ അങ്ങനെ നടക്കാതെപോയ സിനിമകൾ കാണും. അത് തികച്ചും സ്വാഭാവികമാണ്.