KeralaNews

അപ്രതീക്ഷിത വിടവാങ്ങൽ,ഡെന്നീസ് ജോസഫിൻ്റെ വേർപാട് വിശ്വസിയ്ക്കാനാവാതെ മോഹൻലാലും മമ്മൂട്ടിയും

കൊച്ചി:തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ അപ്രതീക്ഷിത വിടവാങ്ങളിൽ വിങ്ങി സിനിമാ ലോകം. നടനെന്ന നിലയിൽ തന്റെ സിനിമാ ജീവിതത്തിൽ ഒരുപാട് സഹായിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതാണെന്നും അപ്രതീക്ഷിത വിടവാങ്ങൽ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും നടൻ മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘വല്ലാത്തൊരു സമയത്താണ് അദ്ദേഹത്തിന്റെ വിയോഗം. രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ വലിയ മാറ്റം മലയാള സിനിമയിൽ കൊണ്ടുവന്ന വ്യക്തിയാണ്. മോഹൻലാൽ എന്ന നടൻ അറിയപ്പെടുന്ന രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ് എന്ന കരുത്തനായ ഡോൺ കഥാപാത്രം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. ആ കഥാപാത്രത്തെ ഇന്നും ജനം ഓർമ്മിപ്പിക്കുന്നു. അത് അദ്ദേഹത്തിന്റെ വലിയ വിജയമാണ്.

പലർക്കും ഇല്ലാത്ത ഒരു പാട് കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. മൊഴി മാറ്റ സിനിമകളിലൂടെയും വലിയ മാറ്റം മലയാള സിനിമയിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ഒരു നടനെന്ന നിലയിൽ എന്റെ സിനിമാ ജീവിതത്തിൽ ഒരുപാട് സഹായിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതാണ്.

അൽപ്പം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന വാർത്ത വന്നത്. മരണം അംഗീകരിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാണ് താനിപ്പോഴെന്നും മോഹൻ ലാൽ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ഒപ്പം രാജാവിന്റെ മകൻ രണ്ടാമത് ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ല’. അദ്ദേഹം നമ്മെ വിട്ടു പോയെന്നും മോഹൻലാൽ അനുസ്മരിച്ചു.

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും.എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നതെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും.

സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…
പ്രണാമം ഡെന്നീസ്.

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു.

മമ്മൂട്ടി ഫേസ് ബുക്കിൽ കുറിച്ചു

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ അംഗീകരിക്കാൻ സാധിക്കുന്നില്ലെന്ന് നടൻ സുരേഷ് ഗോപിയും അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ഒരുപട് സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. മനു അങ്കിൾ സിനിമയുടെ സമയത്ത് ലോക്കേഷനിൽ ഷൂട്ടിംഗ് കാണാൻ ചെന്നതായിരുന്നു ഞാൻ. ജഗതി ശ്രീകുമാരിന് എത്താൽ കഴിയാതെ വന്നതോടെ അദ്ദേഹം നിർബന്ധിച്ചിട്ടാണ് ഞാൻ ആ പൊലീസ് കഥാപാത്രം ചെയ്തതെന്നും സുരേഷ് ഗോപി ഓർമ്മിച്ചു. അദ്ദേഹം തന്ന കഥാപാത്രങ്ങളെല്ലാം എന്റെ സിനിമാ ജീവിതത്തിൽ ശ്രദ്ധനേടിയതായിരുന്നു. എഴുത്തിൽ പുതിയ മാനം കൊണ്ടുവന്നയാളായിരുന്നു ഡെന്നിസ് ജോസഫെന്നും സുരേഷ് ഗോപി ഓർമ്മിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker