കോപന്‍ഹേഗന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ (Covid restrictions) പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക് (Denmark). ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുന്നുവെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്‌സന്‍ അറിയിച്ചു. മാസ്‌ക് അടക്കം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. നിശാ ക്ലബ്ബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് ഒമിക്രോണ്‍ തരംഗം ശക്തമായി നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്. ഡെന്‍മാര്‍ക്കിലെ പ്രതിദിന കൊവിഡ് കേസുകള്‍ 29000ത്തില്‍ നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഡെന്മാര്‍ക്കില്‍ ഇപ്പോഴും അഞ്ചര ലക്ഷത്തിലേറെ കൊവിഡ് രോഗികള്‍ ചികിത്സയിലാണ്. എല്ലാവര്‍ക്കും 3 ഡോസ് വാക്‌സിന്‍ കിട്ടിയതിനാല്‍ ഇനി നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഒമിക്രോണ്‍ കാര്യമായ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ലെന്നും ഇനി കൊറോണ വൈറസ് കാര്യമായ ഭീഷണി അല്ലെന്നുമാണ് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ പറയുന്നത്.
2019ലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ലോകത്തിലെ മിക്ക രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയി.