അനിയനെ അടിച്ചയാളെ കാട്ടിക്കൊടുത്തില്ല, 17കാരനെ കൊലപ്പെടുത്തി; തലസ്ഥാനത്തെ ‘ലേഡി ഡോൺ’ അറസ്റ്റില്‍

ന്യൂഡല്‍ഹി: സീലംപുരില്‍ 17 കാരനെ കൊലപ്പെടുത്തിയ കേസില്‍ ‘ലേഡി ഡോണ്‍’ സിക്രയും സംഘവും കസ്റ്റഡിയില്‍. സീലംപുര്‍ സ്വദേശി കുനാല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പാല്‍ വാങ്ങാന്‍ പോയ കുനാലിനെ സിക്രയും സംഘവും ചേര്‍ന്നു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസേനാംഗങ്ങളെ വരെ സ്ഥലത്തു വിന്യസിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉറപ്പുനല്‍കിയിട്ടുണ്ട്.

ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്ക് കയ്യിലേന്തി പ്രകടനം നടത്തിയതിന് അറസ്റ്റിലായ സിക്ര കൊലപാതകത്തിനു 15 ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. ജയിലില്‍നിന്നു പുറത്തിറങ്ങിയ സിക്ര തന്റെ സഹോദരനെ മര്‍ദിച്ച ലാല എന്നു പേരുള്ള യുവാവിനെ തിരഞ്ഞു നടക്കുകയായിരുന്നു. ലാലയെക്കുറിച്ചു വിവരം നല്‍കാന്‍ കുനാലിനോട് ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അതിനു തയാറായില്ല. അതാണ് കൊലപാതകത്തിലേക്കു നയിച്ചത്. കുനാലിനെ സിക്ര നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും അവസരം ലഭിച്ചാല്‍ കൊലപ്പെടുത്തുമെന്നു പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ‘ലേഡി ഡോണ്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഡല്‍ഹി അധോലോക നേതാവാണ് സിക്ര. വിവിധതരം തോക്കുകളുമായി സീലംപുരിലൂടെ നിരന്തരം റോന്തുചുറ്റുന്ന ഗുണ്ടാ നേതാവ്. തോക്കുമായി നില്‍ക്കുന്ന ഫോട്ടോകളും റീലുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ആയിരക്കണക്കിനു ഫോളോവേഴ്‌സുള്ള ലേഡി ഡോണ്‍.

പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലും അഭിമാനത്തോടെ സ്വന്തം സമൂഹമാധ്യമ പേജില്‍ സിക്ര പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനും ഏതിനും സിക്രയോടൊപ്പം ഒരു സംഘം എപ്പോഴും ഉണ്ടാകും. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ ഭാര്യ സോയക്കൊപ്പം താമസിച്ചിരുന്ന സിക്ര സോയ ലഹരിമരുന്നു കേസില്‍ ജയിലിലായതിനു ശേഷം സ്വന്തമായി ഒരു ഗുണ്ടാസംഘം ഉണ്ടാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News