ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വേണ്ടി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന ഖാർഗെയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്.
കർണാടക മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ചർച്ചകൾക്കായി ഡൽഹിയിലെത്തി. അതേസമയം ഡി.കെ. ശിവകുമാർ ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ല. വയറ്റില്‍ അസ്വസ്ഥതയുള്ളതിനാല്‍ ഡൽഹിയിലേക്കില്ലെന്നും ഡി.കെ. വ്യക്തമാക്കി.
‘എന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് 135 എം.എൽ.എൽമാർ ഉണ്ട്. എല്ലാവരും ഐകകണ്‌ഠേന അക്കാര്യം (മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കല്‍)പാര്‍ട്ടി ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.’ ഡി.കെ. ശിവകുമാർ ട്വീറ്റ് ചെയ്തു.
‘ഞാന്‍ ഒറ്റയാണ്. 2019-ൽ ജെ.ഡി.എസ്. – കോൺഗ്രസ് സർക്കാരിന്റെ കാലത്ത് എംഎല്‍എമാര്‍ പാർട്ടി വിട്ടപ്പോൾ ധൈര്യം കൈവിടാതെ ഞാൻ പിടിച്ചു നിന്നു. ഒറ്റയ്ക്കായാലും ധൈര്യശാലിയാണെങ്കില്‍ ഭൂരിപക്ഷമായി മാറുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു’ – ഡി.കെ. ശിവകുമാർ പറഞ്ഞു.
എനിക്ക് എം.എൽ.എമാരൊന്നും ഇല്ലെന്നും 135 കോൺഗ്രസ് എം.എൽ.എമാരാണുള്ളതെന്നും അദ്ദേഹം പിന്നീട് തിരുത്തി. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.