ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 പ്രതിരോധ നടപടികളെ മുഴുവന്‍ തകിടം മറിച്ച് രാജ്യതലസ്ഥാനത്തു നിന്നും കൂട്ടപ്പലായനം.കിലോമീറ്ററുകളോളം നടന്ന് അയല്‍ സംസ്ഥാനങ്ങളിലെ ഗ്രമങ്ങള്‍ ലക്ഷ്യമാക്കി ജനങ്ങള്‍ നടന്നു തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടതോടെ സര്‍ക്കാര്‍ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തി.
ഇതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള ബസ് സര്‍വ്വീസുകള്‍ കാത്ത് രാത്രിയിലും പുലര്‍ച്ചെയുമൊക്കെ അതിഥി തൊഴിലാളികളുടെ ഒഴുക്ക്. ലോക്ഡൗണിന് പിന്നാലെ തൊഴിലാളികള്‍ കാല്‍നടയായി പലായനം ചെയ്ത് തുടങ്ങിയതോടെയാണ് യുപി, ദില്ലി സര്‍ക്കാരുകള്‍ ബസ് സര്‍വീസ് തുടങ്ങിയത്. അതിഥി തൊഴിലാളികള്‍ക്കായി ദേശീയപാതകള്‍ക്ക് സമീപം ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദില്ലി ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലേക്ക് വൈകുന്നേരത്തോടെ ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും ഇരച്ചെത്തുകയായിരുന്നു. ലോക്ഡൗണില്‍ ദില്ലി നിശ്ചലമായതോടെ തൊഴിലാളികള്‍ രാവും പകലും നടന്ന് മുന്നൂറിലധികം കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കായി രാവിലെ ബസ് സര്‍വ്വീസ് തുടങ്ങിയത്. കാണ്‍പൂര്‍, ബല്ലിയ, വാരാണസി, ഗൊരഖ്പൂര്‍
ഉള്‍പ്പടെ യുപിയിലെ പതിനഞ്ച് നഗരങ്ങളിലേക്കാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
ബസ് സര്‍വ്വീസ് എന്നു വരെയുണ്ടാകുമെന്ന് വ്യക്തമല്ല. ഇതാണ് ബസ് കാത്ത് നില്‍ക്കുന്ന ആളുകളുടെ നീണ്ട നിര സൃഷ്ടിച്ചത്. വ്യക്തികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പ് വരുത്തി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങണമെന്നാണ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . ഇവിടങ്ങളില്‍ വൈദ്യ പരിശോധനക്കുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ഭക്ഷണം ഉള്‍പ്പടെയുള്ള ആവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ദുരന്ത നിവാരണ നിധിയില്‍ നിന്ന് പണം ചിലവഴിക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു