ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ രാജ്യതലസ്ഥാനത്ത് വര്‍ഗീയ കലാപം അഴിച്ചുവിടുന്നതിന് പ്രധാന പങ്കുവഹിച്ച നേതാവ് ഷാരൂഖ് ഡല്‍ഹി പൊലീസിന്റെ വലയിലായി. ഡല്‍ഹിയിലെ കലാപത്തിനിടെ പോലീസിനു നേരെ വെടിയുതിര്‍ത്തയാളാണ് ഷാരൂഖ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഷാരൂഖിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഡല്‍ഹിയിലെ സംഭവത്തിനു ശേഷം ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഷാരൂഖിന്റെ വീട്ടില്‍ പോലീസ് നടത്തിയി പരിശോധനയില്‍ കുറ്റകരമായ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. ഷാരൂഖിനേയും ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരനെയും അടുത്തിടെ സിര്‍സ മേഖലയില്‍ കണ്ടതായി കഴിഞ്ഞ ദിവസം തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 24നാണ് പോലീസിനു നേരെ വെടിവെപ്പുണ്ടായത്.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപകാരികളുടെ വെടിവെപ്പില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ജീവന്‍ നഷ്ടമായിരുന്നു. ഇതിനു പിന്നാലെ ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് പോലീസിനു നേരെ പാഞ്ഞടുക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഷാരൂഖിന്റെ കുടുംബവും നിലവില്‍ ഒളിവിലാണെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്