വന്‍ ആയുധശേഖരവുമായി ഡല്‍ഹിയില്‍ ആറ് ഭീകരര്‍ പിടിയില്‍; പാക് പരിശീലനം ലഭിച്ചെന്നും റിപ്പോര്‍ട്ട്‌

ന്യൂഡൽഹി:പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ 6 ഭീകരവാദികൾ പിടിയിൽ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്. സ്ഫോടക വസ്തുക്കളും തോക്കുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി

സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബകർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് പിടിയിലായത്. ഒരാളെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്

രണ്ട് സംഘങ്ങളായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഒരു സംഘത്തെ നയിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിം ആയിരുന്നു. ആയുധങ്ങളെത്തിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. മറ്റൊരു സംഘത്തിൻറെ ജോലി ഹവാല വഴി ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുക എന്നതായിരുന്നുവെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ വ്യക്തമാക്കി.

ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലായത്. ചിലയിടങ്ങളിൽ റെയ്ഡ് തുടരുകയാണെന്നും പോലീസുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു.

പിടിയിലായ ഭീകരർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താനും ആക്രമണങ്ങൾ നടത്താനും ലക്ഷ്യമിട്ടിരുന്നതായി സ്പെഷ്യൽ സെൽ പറയുന്നു.ഉത്തർപ്രദേശിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ഇവരുടെ ലക്ഷ്യമായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.