ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന നയത്തിന് തിങ്കളാഴ്ച അംഗീകാരം ലഭിച്ചു. ₹15,000 കോടി രൂപയും ഇതിനായി മാറ്റിവെച്ചു. ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഈ നയം 2030 മാർച്ച് 31 വരെ തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. അടുത്ത നാലുവർഷക്കാലം നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് 15,000 കോടി രൂപ ചെലവഴിക്കുക.
നഗരത്തിലെ മലിനീകരണത്തിന്റെ 33 ശതമാനം വാണിജ്യ ചരക്ക് വാഹനങ്ങളും 46 ശതമാനം ഇരുചക്ര-മുച്ചക്ര വാഹനങ്ങളുമാണ് ഉണ്ടാക്കുന്നതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിഹാരിക വ്യക്തമാക്കി. അതിനാൽ ഈ വാഹനങ്ങളെ പൂർണ്ണമായും ഇലക്ട്രിക് ആക്കി മാറ്റാനാണ് ഈ നയത്തിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
ആദ്യ മൂന്ന് വർഷങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് യഥാക്രമം ₹30,000, ₹20,000, ₹10,000 എന്നിങ്ങനെയും, മുച്ചക്ര വാഹനങ്ങൾക്ക് ₹50,000, ₹40,000, ₹30,000 എന്നിങ്ങനെയും പർച്ചേസ് ഇൻസെന്റീവ് ലഭിക്കും. N1 വാണിജ്യ ട്രക്കുകൾക്ക് ആദ്യവർഷം ഒരു ലക്ഷം രൂപയുടെ സബ്സിഡിയും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഹൈബ്രിഡ് വാഹനങ്ങൾക്ക് സബ്സിഡി ലഭിക്കില്ല.
പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പുറമെ, പഴയ ബിഎസ്-IV (BS-IV) വാഹനങ്ങൾ പൊളിക്കുന്നതിനുള്ള സ്ക്രാപ്പിംഗ് ഇൻസെന്റീവുകളും നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് ₹10,000, മുച്ചക്ര വാഹനങ്ങൾക്ക് ₹25,000, N1 ട്രക്കുകൾക്ക് ₹50,000, ഗ്രാമീൺ സേവാ യൂണിറ്റുകൾക്ക് ₹15,000 എന്നിങ്ങനെയാണ് ഇൻസെന്റീവ് ലഭിക്കുക. ബിഎസ്-IV നിലവാരമുള്ളതോ അതിൽ താഴെയുള്ളതോ ആയ നാലുചക്ര വാഹനങ്ങൾ പൊളിക്കുമ്പോൾ ഒരുലക്ഷം രൂപ സ്ക്രാപ്പിംഗ് ഇൻസെന്റീവായി ലഭിക്കും.
കർശനമായ ചില നിയമങ്ങളും പുതിയ നയത്തിന്റെ ഭാഗമാണ്. 2027 ജനുവരി ഒന്നു മുതൽ പുതിയതായി രജിസ്റ്റർ ചെയ്യുന്ന മുച്ചക്ര വാഹനങ്ങളും N1 ട്രക്കുകളും പൂർണ്ണമായും ഇലക്ട്രിക് ആയിരിക്കണം. ഇരുചക്ര വാഹനങ്ങൾക്ക് ഇത് 2028 ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാക്കും. അതായത് പെട്രോളിയം ഇന്ധന വാഹനങ്ങൾ ഈ പറഞ്ഞ പരിധിക്ക് ശേഷം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. കൂടാതെ നയം പ്രഖ്യാപിച്ച് രണ്ടുവർഷത്തിനുള്ളിൽ ഡൽഹിയിലെ സ്കൂൾ ബസുകളുടെ 10% എങ്കിലും ഇലക്ട്രിക് ആക്കി മാറ്റണം.
പി.എം ഇ-ഡ്രൈവ് (PM e-Drive) പദ്ധതിയുടെയും ഡൽഹി സർക്കാരിന്റെ ബജറ്റിന്റെയും സഹായത്തോടെ അടുത്ത നാല് വർഷത്തിനുള്ളിൽ 32,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഈ നയവുമായി ബന്ധപ്പെട്ട ഇൻസെന്റീവുകൾക്ക് അപേക്ഷിക്കുന്നതിനായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
English SummaryThe Delhi government has announced a landmark electric vehicle policy mandating that all two-wheelers and three-wheelers in the capital must be electric. This environment-friendly policy will be fully implemented next year to combat the rising air pollution levels in the city. The transport department will stop new registrations of petrol vehicles and provide heavy subsidies, financial incentives, and a robust fast-charging infrastructure to support owners in shifting to EVs.


